ദുബായ്: ഈ വര്‍ഷത്തെ ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിച്ചതിനു പിന്നാലെ മലയാളികള്‍ നിരാശരായിരുന്നു. മലയാളികളുടെ സ്വന്തം സഞ്ജു സാംസണ് ടീമില്‍ ഇടംനേടാന്‍ സാധിക്കാതിരുന്നതായിരുന്നു അതിന് കാരണം.

എന്നാലിപ്പോഴിതാ പ്രതീക്ഷയ്ക്ക് വക നല്‍കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ യു.എ.ഇയില്‍ നിന്ന് വരുന്നത്. ഐ.പി.എല്ലില്‍ സഞ്ജുവിന്റെ ടീം രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫ് കാണാതെ നേരത്തെ തന്നെ പുറത്തായിരുന്നു. എന്നാല്‍ സഞ്ജുവിനോട് യു.എ.ഇയില്‍ തന്നെ തുടരാന്‍ ആവശ്യപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ഐ.പി.എല്‍ 14-ാം സീസണില്‍ മികച്ച പ്രകടനമാണ് സഞ്ജു പുറത്തെടുത്തത്. യു.എ.ഇയില്‍ വെച്ച് നടന്ന രണ്ടാം പാദത്തിലും താരം മിന്നുന്ന ഫോം തുടര്‍ന്നു. 

ഐ.പി.എല്ലിലെ പ്രകടനം വെച്ച് ലോകകപ്പിനുള്ള ടീമില്‍ മാറ്റംവരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. പ്രത്യേകിച്ചും നേരത്തെ ലോകകപ്പ് ടീമിലുണ്ടായിരുന്ന ഹാര്‍ദിക് പാണ്ഡ്യയടക്കമുള്ള താരങ്ങള്‍ ഫോം കണ്ടെത്താന്‍ വിഷമിക്കുക കൂടി ചെയ്യുന്ന സാഹചര്യത്തില്‍. 

നേരത്തെ ഐ.പി.എല്ലില്‍ വേഗം കൊണ്ട് ഞെട്ടിച്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ജമ്മു കശ്മീര്‍ താരം ഉമ്രാന്‍ മാലിക്കിനെ ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തില്‍ നെറ്റ് ബൗളറായി ഉള്‍പ്പെടുത്തിയിരുന്നു.

Content Highlights: Sanju Samson asked to stay back in UAE ahead of T20 World Cup