ട്വന്റി 20 ലോകകപ്പിലെ ആവേശകരമായ സൂപ്പര്‍ 12 മത്സരങ്ങള്‍ ഇന്ന് ആരംഭിക്കുകയാണ്. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയയെ നേരിടും. 2007-ലാണ് ഐ.സി.സി. ആദ്യമായി ട്വന്റി 20 ലോകകപ്പ് ആരംഭിച്ചത്. ഇതുവരെ ആറുതവണയാണ് ട്വന്റി 20 ലോകകപ്പ് നടന്നത്. 

പ്രഥമ ലോകകപ്പില്‍ ഇന്ത്യയായിരുന്നു ചാമ്പ്യന്മാര്‍. പാകിസ്താന്‍, വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളും ട്വന്റി 20 ലോകകപ്പില്‍ മുത്തമിട്ടു. ഇതുവരെ ആറുലോകകപ്പുകള്‍ നടന്നെങ്കിലും എല്ലാ സീസണിലും പങ്കെടുക്കാന്‍ അവസരം ലഭിച്ചവര്‍ വളരെ കുറവാണ്. അതില്‍ ചില താരങ്ങള്‍ ഇത്തവണയും ലോകകപ്പിന് തയ്യാറെടുക്കുന്നുണ്ട്. 

2021 ലോകകപ്പ് കൂടി കണക്കിലെടുക്കുമ്പോള്‍ ഇതുവരെ ആറുതാരങ്ങള്‍ എല്ലാ ലോകകപ്പിലും കളിച്ചിട്ടുണ്ട്. അക്കൂട്ടത്തില്‍ ഇന്ത്യയില്‍ നിന്ന് ഒരേയൊരു കളിക്കാരനേയുള്ളൂ. രോഹിത് ശര്‍മ. ഓപ്പണറായ രോഹിത് നാളെ നടക്കുന്ന പാകിസ്താനെതിരായ മത്സരത്തില്‍ കളിച്ചാല്‍ തുടര്‍ച്ചയായി ഏഴ് ട്വന്റി 20 ലോകകപ്പുകളില്‍ കളിച്ച ആദ്യ ഇന്ത്യന്‍ താരം എന്ന ചരിത്രനേട്ടം സ്വന്തമാക്കും. 

ട്വന്റി 20 ലോകകപ്പില്‍ 28 മത്സരങ്ങളില്‍ നിന്ന് 39.58 ശരാശരിയില്‍ 673 റണ്‍സാണ് താരം അടിച്ചെടുത്തത്. 2007 ലോകകപ്പ് വിജയിച്ച ഇന്ത്യന്‍ ടീമിലും 2021-ല്‍ കളിക്കുന്ന ഇന്ത്യന്‍ സംഘത്തിലും അവസരം ലഭിച്ച ഏക താരമാണ് രോഹിത്. മറ്റ് ഇന്ത്യന്‍ താരങ്ങളായ യുവരാജ് സിങ്, എം.എസ്.ധോനി എന്നിവര്‍ ആറുലോകകപ്പുകളില്‍ കളിച്ചു. 2007 മുതല്‍ 2016 വരെയുള്ള ലോകകപ്പുകളില്‍ ഇരുവരും ഇന്ത്യയ്ക്ക് വേണ്ടി ഇറങ്ങി. 

വെസ്റ്റ് ഇന്‍ഡീസിന്റെ ക്രിസ് ഗെയ്ല്‍, ഡ്വെയ്ന്‍ ബ്രാവോ, ബംഗ്ലാദേശിന്റെ ഷാക്കിബ് അല്‍ ഹസ്സന്‍, മഹ്മദുള്ള, മുഷ്ഫിഖുര്‍ റഹീം എന്നിവരാണ് രോഹിത്തിനൊപ്പം ഏഴ് ലോകകപ്പുകളിലും കളിക്കാന്‍ അവസരം ലഭിച്ചവര്‍. 

Content Highlights: Rohit Sharma is the only indian player who have played in every edition of the T20 World Cup