ദുബായ്: ട്വന്റി 20 ലോകകപ്പിനു ശേഷം ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ രവി ശാസ്ത്രിക്ക് തങ്ങളുടെ ബാറ്റ് സമ്മാനമായി നല്‍കി വിരാട് കോലിയും രോഹിത് ശര്‍മയും.

ലോകകപ്പില്‍ ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മത്സരത്തിനു ശേഷമാണ് ടീമിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞത്. ശാസ്ത്രിക്കൊപ്പം ബൗളിങ് കോച്ച് ഭരത് അരുണും ഫീല്‍ഡിങ് കോച്ച് ആര്‍. ശ്രീധറും സ്ഥാനമൊഴിഞ്ഞിരുന്നു.

ലോകകപ്പില്‍ ആദ്യ രണ്ടു മത്സരങ്ങളില്‍ പാകിസ്താനോടും ന്യൂസീലന്‍ഡിനോടും തോറ്റതോടെ ഇന്ത്യയ്ക്ക് ടൂര്‍ണമെന്റിന്റെ സെമിയില്‍ കടക്കാന്‍ സാധിച്ചിരുന്നില്ല.

ശാസ്ത്രി ലോകകപ്പോടെ സ്ഥാനമൊഴിയുമെന്ന് ബിസിസിഐ നേരത്തെ അറിയിച്ചിരുന്നു. രാഹുല്‍ ദ്രാവിഡിനെ പുതിയ കോച്ചായി നിയമിക്കുകയും ചെയ്തു. 

ഇതിനു പിന്നാലെയാണ് ഇന്ത്യന്‍ ടീമിനൊപ്പമുണ്ടായിരുന്ന അവസാന ടൂര്‍ണമെന്റിന് ശേഷം ശാസ്ത്രിക്ക് കോലിയും രോഹിത്തും തങ്ങളുടെ ബാറ്റ് സമ്മാനമായി നല്‍കി യാത്രയയപ്പ് ഒരുക്കിയത്.

2017 മുതല്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായ ശാസ്ത്രിയുടെ കീഴില്‍ ഓസ്‌ട്രേലിയന്‍ മണ്ണിലടക്കം ടെസ്റ്റ് പരമ്പര നേടാന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു.

ലോകകപ്പില്‍ നമീബിയക്കെതിരായ മത്സരത്തിനു ശേഷം ഡ്രസ്സിങ് റൂമില്‍ ഒത്തുചേര്‍ന്നപ്പോഴാണ് ശാസ്ത്രിക്ക് കോലിയും രോഹിത്തും തങ്ങളുടെ ബാറ്റുകള്‍ സമ്മാനിച്ചത്. ഈ ബാറ്റുകളുമായി ശാസ്ത്രി പരിശീലക സംഘത്തിനൊപ്പം നില്‍ക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്.

Content Highlights: rohit sharma and virat kohli gift their bats to ravi shastri giving him a perfect send off