ദുബായ്: വര്‍ണവിവേചനത്തിനെതിരായ ഐക്യദാര്‍ഢ്യ വിവാദത്തില്‍ മാപ്പ് ചോദിച്ച് ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ ക്വിന്റണ്‍ ഡികോക്ക്. വര്‍ണവെറിക്കെതിരേ മുട്ടുകുത്തി നിന്ന് പ്രതിഷേധിക്കുമെന്നും താന്‍ വംശീയ വിരോധിയല്ലെന്നും ഡികോക്ക് വ്യക്തമാക്കുന്നു. 

കറുത്ത വര്‍ഗക്കാര്‍ ഉള്‍പ്പെടുന്ന കുടുംബമാണ് തന്റേതെന്നും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നിര്‍ബന്ധിച്ചതാണ് തന്റെ പിന്മാറ്റത്തിന് കാരണമെന്നും ഡികോക്ക് വിശദീകരണ കുറിപ്പില്‍ വ്യക്തമാക്കുന്നു. ഈ വിശദീകരണ കുറിപ്പ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ട്വീറ്റ് ചെയ്തിട്ടുണ്ട്. 

'എന്റെ ടീമംഗങ്ങളോടും ആരാധകരോടും ക്ഷമ ചോദിച്ച് തുടങ്ങാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഇതു ഇങ്ങനെ വലിയൊരു പ്രശ്‌നമാക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിരുന്നില്ല. വര്‍ണവിവേചനത്തിനെതിരെ പ്രതിഷേധിക്കേണ്ടത് എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്ന് എനിക്ക് നന്നായി അറിയാം. ഞങ്ങളെപ്പോലെയുള്ള താരങ്ങള്‍ സമൂഹത്തിന് മാതൃകയാകേണ്ടവരാണെന്നും എനിക്കറിയാം.

വെസ്റ്റിന്‍ഡീസിനെതിരായ മത്സരത്തില്‍ നിന്ന് പിന്മാറിയതിലൂടെ ഞാന്‍ ആരേയും നിന്ദിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല, പ്രത്യേകിച്ച് വിന്‍ഡീസ് ടീമിനെ. ചൊവ്വാഴ്ച്ച രാവിലെ കളിക്കാനായി ഗ്രൗണ്ടിലേക്ക് പോകുമ്പോള്‍ ടീം ബസില്‍ നിന്നാണ് ഈ നിര്‍ദേശം ഞങ്ങള്‍ അറിഞ്ഞതെന്ന് നിങ്ങള്‍ പലര്‍ക്കും അറിയില്ലായിരിക്കാം. ക്രിക്കറ്റ് ബോര്‍ഡിന്റെ ഈ വാശി കാരണമാണ് ഞാന്‍ പിന്മാറിയത്. എന്നിരുന്നാലും ഞാന്‍ കാരണം നിങ്ങള്‍ക്കുണ്ടായ വേദനയ്ക്കും ആശയക്കുഴപ്പത്തിനും ദേഷ്യത്തിനും ഞാന്‍ മാപ്പ് ചോദിക്കുന്നു. 

കറുത്ത വര്‍ഗക്കാര്‍ അടങ്ങിയ കുടുംബത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്. ജനിച്ചതു മുതല്‍ കറുത്ത വര്‍ഗക്കാരെ കണ്ടാണ് വളര്‍ന്നത്. അവരുടെ ജീവിതവും അവകാശങ്ങളും എനിക്ക് പ്രധാനപ്പെട്ടതാണ്. അതു ഒരു അന്താരാഷ്ട്ര മൂവ്‌മെന്റ് ഉണ്ടായതിനെ തുടര്‍ന്നുണ്ടായ ഐക്യദാര്‍ഢ്യമല്ല. കുട്ടിക്കാലം മുതല്‍ തുടങ്ങിയ പിന്തുണയാണ്.' വിശദീകരണ കുറിപ്പില്‍ ഡികോക്ക് വ്യക്തമാക്കുന്നു. 

ട്വന്റി-20 ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിനെതിരായ മത്സരത്തില്‍ ബ്ലാക്ക് ലൈവ്‌സ് മാറ്ററിന് പിന്തുണ നല്‍ക്കാന്‍ ടീമംഗങ്ങള്‍ മൈതാനത്ത കാല്‍മുട്ടു കുത്തി നില്‍ക്കണമെന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനത്തിനെതിരേ പ്രതിഷേധിച്ച് ഡികോക്ക് ടീമില്‍ നിന്ന് വിട്ടുനിന്നിരുന്നു. ഇതോടെ താരത്തിനെതിരേ വലിയ പ്രതിഷേധമാണുയര്‍ന്നത്. ഇന്ത്യ, ഇംഗ്ലണ്ട്, പാകിസ്താന്‍, വെസ്റ്റിന്‍ഡീസ് ടീമുകള്‍ നേരത്തെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. 

 

Content Highlights: Quinton de Kock has come forward to apologize to his teammates and fans