ദുബായ്: സെമിയില്‍ ഓസ്‌ട്രേലിയക്ക് മുന്നില്‍ കാലിടറിപ്പോയെങ്കിലും പാകിസ്താനുവേണ്ടി വീറുറ്റ പോരാട്ടമാണ് ഓപ്പണര്‍ മുഹമ്മദ് റിസ്വാന്‍ കഴ്ചവച്ചത്. 52 പന്തില്‍ നിന്ന് 67 റണ്‍സ്. ക്യാപ്റ്റന്‍ ബാബര്‍ അസമിനൊപ്പം ഒന്നാം വിക്കറ്റില്‍ 71 റണ്‍സിന്റെ കിടിലന്‍ തുടക്കവും. എന്നാല്‍, ഈ വിരോചിത പോരാട്ടത്തിനായി ഇറങ്ങുംമുന്‍പ് രണ്ടുനാള്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു റിസ്വാന്‍.

നെഞ്ചില്‍ കടുത്ത അണുബാധ ഉണ്ടായതിനെ തുടര്‍ന്ന് രണ്ടു ദിവസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു റിസ്വാന്‍. അപകടാവസ്ഥയിലായതിനാല്‍ തീവ്രപരിചരണ വിഭാഗത്തിലാണ് ചികിത്സയില്‍ കഴിഞ്ഞത്. അതുകൊണ്ടുതന്നെ ഓസ്‌ട്രേലിയക്കെതിരായ സെമിയില്‍ കളിക്കാനുള്ള സാധ്യത കുറവായിരുന്നു. എന്നാല്‍, അത്ഭുതരമായി ആരോഗ്യം വീണ്ടെടുത്ത റിസ്വാന്‍ ഒന്‍പതാം തീയതി ആശുപത്രി വിട്ടു. സെമി നടന്ന വ്യാഴാഴ്ച കാലത്ത്‌ തന്നെയാണ് ആശുപത്രി വിട്ട് ടീമിനൊപ്പം ചേര്‍ന്നത്. രോഗം ബാധിച്ചിട്ടേയില്ല എന്ന മട്ടിലാണ് ഓസ്‌ട്രേലിയക്കെതിരേ കളിച്ചതും. എണ്‍പത്തിയേഴ് മിനിറ്റ് ക്രീസില്‍ നിന്ന് റിസ്വാന്‍ 52 പന്തുകള്‍ നേരിടുകയും ചെയ്തു. നാല് സിക്‌സും മൂന്ന് ബൗണ്ടറിയും നേടിയ ഇന്നിങ്‌സില്‍ ഒരുവേള പോലും രോഗത്തിന്റെ ക്ഷീണം നിഴലിട്ടില്ല.

റിസ്വാന്റെ പോരാട്ടത്തെ ആദ്യം തന്നെ വാഴ്ത്തിയത് ഓസ്‌ട്രേലിയയുടെ മാത്യു ഹെയ്ഡനാണ്. തികഞ്ഞ പോരാളി എന്നാണ് ഹെയ്ഡന്‍ വിശേഷിപ്പിച്ചത്. ക്രീസില്‍ അപാരമായ ധൈര്യമാണ് റിസ്വാന്‍ പ്രദര്‍ശിപ്പിച്ചതെന്നും ഹെയ്ഡന്‍ പറഞ്ഞു.

ആശുപത്രിയില്‍ നിന്ന് തിരിച്ചുവന്ന ഉടനെ റിസ്വാനെ കളിപ്പിക്കാനുള്ള തീരുമാനം ടീം ഒറ്റക്കെട്ടായാണ് കൈക്കൊണ്ടതെന്ന് പാക് ടീം ഡോക്ടര്‍ നജീബ് സൊംരൂ പറഞ്ഞു. റിസ്വാന്റെ ടീം സ്പിരിറ്റാണ് ഈ പ്രകടനത്തില്‍ ദൃശ്യമായതെന്ന് ക്യാപ്റ്റന്‍ ബാബര്‍ അസം പറഞ്ഞു. ആശുപത്രിയില്‍ നിന്ന് വന്ന ഉടനെ ചെന്നു കണ്ടപ്പോള്‍ ചെറിയൊരു തളര്‍ച്ച ദൃശ്യമായിരുന്നു റിസ്വാനില്‍. കളിക്കുന്ന കാര്യം ആരാഞ്ഞപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കാതെയാണ് സമ്മതം മൂളിയത്. റിസ്വാന്റെ പ്രകടനത്തില്‍ എനിക്ക് നൂറു ശതമാനം ആത്മവിശ്വാസമുണ്ടായിരുന്നു-അസം പറഞ്ഞു.

പാകിസ്താനുവേണ്ടി 49 ടിട്വന്റി മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഇരുപത്തിയൊന്‍പതുകാരനായ റിസ്വാന്‍ ടിട്വന്റി ലോകകപ്പിനും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഇന്ത്യയ്‌ക്കെതിയും നമീബിയയ്‌ക്കെതിരേയും പുറത്താകാതെ നേടിയ 79 റണ്‍സാണ് ടോപ് സ്‌കോര്‍. ന്യൂസീലന്‍ഡിനെതിരേ 33 റണ്‍സും നേടി.

Content Highlights: Pakistan's Mohammad Rizwan Had Two Days In Intensive Care Before T20 World Cup Semi