ദുബായ്:  ട്വന്റി-20 ലോകകപ്പില്‍ സൂപ്പര്‍ 12-ല്‍ ന്യൂസീലന്‍ഡിനെതിരായ മത്സരം തങ്ങളുടെ ക്വാര്‍ട്ടര്‍ ഫൈനലാണെന്ന് അഫ്ഗാനിസ്താന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍. ട്വന്റി-20 ലോകകപ്പില്‍ സെമി സാധ്യത നിലനിര്‍ത്തണമെങ്കില്‍ അഫ്ഗാനിസ്താന് ന്യൂസീലന്‍ഡിനെതിരെ വിജയം നേടണം. 

'നെറ്റ് റണ്‍റേറ്റ് ഞങ്ങള്‍ക്ക് കൂടുതലാണ്. അതിനാല്‍ ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ചാല്‍ പാകിസ്താനൊപ്പം ഗ്രൂപ്പ് ബിയില്‍ നിന്ന് സെമി ഫൈനലിലെത്തുന്ന ടീം ഞങ്ങളാകും. ന്യൂസീലന്‍ഡിനെതിരായ മത്സരം ആസ്വദിച്ചുതന്നെ കളിക്കണം. ആസ്വദിക്കുന്നിടത്തോളം മികവ് പുറത്തെടുക്കാനുള്ള അവസരങ്ങളും കൂടും.' റാഷിദ് ഖാന്‍ വ്യക്തമാക്കുന്നു.

ഇന്ത്യക്കെതിരേ ഏതാനും വിക്കറ്റുകള്‍ നഷ്ടമായതിന് ശേഷം നെറ്റ് റണ്‍റേറ്റ് മനസ്സില്‍ കണക്കുകൂട്ടിയാണ് ഞങ്ങള്‍ കളിച്ചത്. കഴിയുന്നത്ര റണ്‍സ് സ്‌കോര്‍ ചെയ്യാനായിരുന്നു ടീമിന്റെ ശ്രമം. ന്യൂസീലന്‍ഡിനെതിരായ മത്സരത്തിലും റണ്‍റേറ്റ് പ്രധാന വിഷയമാകും. റാഷിദ് ഖാന്‍ കൂട്ടിച്ചേര്‍ത്തു.

നവംബര്‍ ഏഴിനാണ് ന്യൂസീലന്‍ഡ്-അഫ്ഗാനിസ്താന്‍ മത്സരം. നിലവില്‍ ഗ്രൂപ്പ് ബിയില്‍ നിന്ന് എട്ടു പോയിന്റുമായി പാകിസ്താന്‍ സെമിയിലെത്തി. ഇനി ശേഷിക്കുന്ന ഒരു സ്ഥാനത്തിനായി ഇന്ത്യയും ന്യൂസീലന്‍ഡും അഫ്ഗാനിസ്താനും തമ്മിലാണ് പോരാട്ടം. +1.481 ആണ് അഫ്ഗാനിസ്താന്റെ റണ്‍റേറ്റ്. ന്യൂസീലന്‍ഡിന്റേത് +0.816 ഉം ഇന്ത്യയുടേത് +0.073 ഉം ആണ്. 

Content Highlights: New Zealand Match Is Like Quarterfinal For Us says Rashid Khan