ദുബായ്:  ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം മെന്ററായി യു.എ.ഇയില്‍ എത്തിയ എംഎസ് ധോനിക്ക് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കും വെസ്റ്റിന്റീസ് താരം ക്രിസ് ഗെയ്‌ലിനുമെല്ലാം ഒപ്പമുള്ള ധോനിയുടെ ചിത്രങ്ങള്‍ വൈറലായിരുന്നു. ഇതിന് പിന്നാലെ ഇന്ത്യന്‍ യുവതാരം ഋഷഭ് പന്തിന് വിക്കറ്റ് കീപ്പിങ് പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്ന ധോനിയുടെ വീഡിയോയാണ് വൈറലാകുന്നത്.

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള സന്നാഹ മത്സരത്തിനിടെ ആയിരുന്നു ഈ വിക്കറ്റ് കീപ്പിങ് ഡ്രില്‍സ്. ഓസീസിനെതിരെ വിക്കറ്റിന് പിന്നില്‍ ഋഷഭ് പന്തിന് പകരം ഇഷാന്‍ കിഷനെയാണ് ഇന്ത്യ ഇറക്കിയത്. ഈ മത്സരം ലൈവ് ആയി കാണിക്കുന്നതിനിടെ ക്യാമറകള്‍ ധോനിക്കും ഋഷഭിനും നേരെ തിരിഞ്ഞു. 

ആ സമയത്ത് ബൗണ്ടറി ലൈനിന് സമീപം ധോനി ഋഷഭിന് വിക്കറ്റ് കീപ്പിങ് പരിശീലനം നല്‍കുകയായിരുന്നു. ഓസ്‌ട്രേലിയക്കെതിരെ ഋഷഭ് ബാറ്റ് ചെയ്തിരുന്നില്ല. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ 14 പന്തില്‍ നിന്ന് 29 റണ്‍സ് നേടിയിരുന്നു.

Content Highlights: Mentor MS Dhonis wicket keeping tips for Rishabh Pant T20 WC