ദുബായ്: ഷഹീന്‍ അഫ്രീദിയുടെ ബൗളിങ്ങിനെ പുകഴ്ത്തി മുന്‍ ഓസ്‌ട്രേലിയന്‍ താരവും പാകിസ്താന്‍ കോച്ചുമായ മാത്യു ഹെയ്ഡന്‍. 130 കിലോമീറ്റര്‍ വേഗതയിലുള്ള പന്തുകള്‍ ഇന്ത്യന്‍ താരങ്ങള്‍ ഐപിഎല്ലില്‍ നേരിട്ടിട്ടുണ്ടെങ്കിലും ഷഹീന്‍ അഫ്രീദിയുടെ പേസ് അതില്‍ നിന്നെല്ലാം വ്യത്യസ്തമായതിനാലാണ് ഇന്ത്യ വെളളംകുടിച്ചതെന്നും ഹെയ്ഡന്‍ പറയുന്നു.

കളിയുടെ ആദ്യ ഓവറില്‍ തന്നെ അത്രയും പേസില്‍ യോര്‍ക്കര്‍ എറിയാനുള്ള ധൈര്യമാണ് ഷഹീന്‍ കാണിച്ചത്. കഴിഞ്ഞ രണ്ടാഴ്ച്ചയില്‍ ഞാന്‍ കണ്ടതില്‍വെച്ച് ഏറ്റവും മികച്ച ഡെലിവെറിയാണ് ഷഹീന്‍ അഫ്രീദിയില്‍ നിന്ന് വന്നത്. ന്യൂബോളില്‍ രോഹിത് ശര്‍മയ്‌ക്കെതിരേ ഇന്‍സ്വിങ് യോര്‍ക്കര്‍ എറിയാനുള്ള ഷഹീന്റെ ധൈര്യം പ്രശംസനീയമാണ്. ഹെയ്ഡന്‍ വ്യക്തമാക്കുന്നു.

കോച്ച് മിസ്ബാഹുല്‍ ഹഖും ബൗളിങ് കോച്ച് വഖാര്‍ യൂനുസും സ്ഥാനമൊഴിഞ്ഞതോടെയാണ് പാകിസ്താന്‍ ഹെയ്ഡനെ പുതിയ കോച്ചായി നിയമിച്ചത്. ദക്ഷിണാഫ്രിക്കയുടെ വെര്‍നോണ്‍ ഫിലാന്ററാണ് പാകിസ്താന്റെ പുതിയ ബൗളിങ് കോച്ച്. ലോകകപ്പില്‍ ആദ്യ രണ്ടു മത്സരങ്ങളില്‍ ഇന്ത്യയേയും ന്യൂസീലന്റിനേയും പരാജയപ്പെടുത്തിയ പാകിസ്താന്‍ മികച്ച ഫോമിലാണ്. 

Content Highlights: Matthew Hayden after Indian batters struggles against Pakistan pacer Shaheen Shah Afridi