ഒമാന്‍:  ട്വന്റി-20 ലോകകപ്പില്‍ കളിക്കുന്ന ശ്രീലങ്കന്‍ ടീമിന്റെ ബാറ്റിങ് കണ്‍സള്‍ട്ടന്റ് ആയ മുന്‍താരം മഹേല ജയവര്‍ധന ഇനി ടീമിനൊപ്പമുണ്ടാകില്ല. ലോകകപ്പിലെ ബയോ ബബ്ള്‍ സംവിധാനം മാനസിക സമ്മര്‍ദ്ദമുണ്ടാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ജയവര്‍ധന ടീം വിട്ടത്.

അതേസമയം സാങ്കേതിക വിദ്യയുടെ സഹായത്തോടെ ശ്രീലങ്കയിലെ വീട്ടിലിരുന്ന് ടീമിനുവേണ്ട കാര്യങ്ങള്‍ ചെയ്യുമെന്ന് ജയവര്‍ധന വ്യക്തമാക്കി. ഗ്രൂപ്പ് എയിലെ യോഗ്യതാ മത്സരങ്ങളിലെ തകര്‍പ്പന്‍ പ്രകടനത്തോടെ ശ്രീലങ്ക സൂപ്പര്‍ 12-ല്‍ എത്തിയിട്ടുണ്ട്. 

കഴിഞ്ഞ ജൂണ്‍ മുതല്‍ ബയോ ബബ്‌ളിലാണ് ജയവര്‍ധന. മകളെ കണ്ടിട്ട് 135 ദിവസമായെന്നും അച്ഛനെന്ന നിലയില്‍ ഇത്രയും ദിവസങ്ങള്‍ മകളെ കാണാതിരിക്കാനാകില്ലെന്നും ജയര്‍വധന പറയുന്നു. 

'ഇത് വളരെ പ്രയാസമേറിയ കാര്യമാണ്. ഞാന്‍ മകളെ കണ്ടിട്ട് 135 ദിവസമായി. ജൂണ്‍ മുതല്‍ ക്വാറന്റെയ്‌നിലും ബയോ ബബ്‌ളിലുമാണ്. എന്റെ അവസ്ഥ എല്ലാവര്‍ക്കും മനസിലാകുമെന്ന് ഞാന്‍ കരുതുന്നു. വീട്ടിലേക്ക് തിരിച്ചുപോകാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍.' ജയവര്‍ധന വ്യക്തമാക്കുന്നു.

ഇംഗ്ലണ്ടിലെ 100 പന്തുകളുടെ ടൂര്‍ണമെന്റായ 'ദി ഹന്‍ട്രഡില്‍'  സതേണ്‍ ബ്രെയ്‌വ്‌സ് ടീമിന്റെ ബാറ്റിങ് കണ്‍സള്‍ട്ടന്റായിരുന്നു ജയര്‍വധന. ഉദ്ഘാന സീസണില്‍ തന്നെ സതേണ്‍ ബ്രെയ്‌വ്‌സ് കിരീടം നേടി. അതിനുശേഷം ജയവര്‍ധന ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം ചേര്‍ന്നു. അവിടേയും ബയോ ബബ്‌ളും ക്വാറന്റെയ്‌നുമുണ്ടായിരുന്നു. ഐപിഎല്ലിന് ശേഷം ട്വന്റ-20 ലോകകപ്പ് കൂടി ആയതോടെ താരത്തിന് ബയോ ബബ്ള്‍ സംവിധാനം അസഹനീയമാകുകയായിരുന്നു.

Content Highlights: Mahela Jayawardene all set to pull out of T20 WC bio bubble