ദുബായ്: ട്വന്റി 20 ലോകകപ്പിലെ സ്‌കോട്‌ലന്‍ഡിനെതിരായ മത്സരത്തിലൂടെ പുതിയ റെക്കോഡ് സ്വന്തമാക്കി ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുംറ. ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര ട്വന്റി 20യില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ ബൗളര്‍ എന്ന റെക്കോഡാണ് ബുംറ സ്വന്തം പേരിലാക്കിയത്.

സ്‌കോട്‌ലന്‍ഡിനെതിരായ മത്സരത്തില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയതോടെയാണ് ബുംറ ഈ റെക്കോഡ് സ്വന്തമാക്കിയത്. ഇതോടെ യൂസ്‌വേന്ദ്ര ചാഹലിന്റെ പേരിലുള്ള റെക്കോഡ് പഴങ്കഥയായി.

54 മത്സരങ്ങളില്‍ നിന്ന് 64 വിക്കറ്റുകളാണ് ബുംറയുടെ അക്കൗണ്ടിലുള്ളത്. ചാഹല്‍ 49 മത്സരങ്ങളില്‍ നിന്ന് 63 വിക്കറ്റുകള്‍ വീഴ്ത്തി. 55 വിക്കറ്റുകള്‍ സ്വന്തമാക്കിയ അശ്വിനാണ് പട്ടികയില്‍ മൂന്നാമത്. ഭുവനേശ്വര്‍ കുമാര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ നാല്, അഞ്ച് സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. 

2016-ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിലൂടെയാണ് ബുംറ ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര ട്വന്റി 20 യില്‍ അരങ്ങേറ്റം കുറിച്ചത്. 

ട്വന്റി 20 ലോകകപ്പില്‍ ഇതുവരെ ബുംറ നാല് മത്സരങ്ങളില്‍ നിന്ന് അഞ്ചുവിക്കറ്റ് വീഴ്ത്തി. പാകിസ്താനെതിരായ ആദ്യ മത്സരത്തിലൊഴികെ മറ്റെല്ലാ മത്സരങ്ങളിലും ബുംറ വിക്കറ്റ് സ്വന്തമാക്കി. ആറുവിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയാണ് ബുംറയ്ക്ക് മുന്നിലുള്ളത്. ജഡേജ നാലുവിക്കറ്റ് സ്വന്തമാക്കി.

Content Highlights: Jasprit Bumrah becomes India's leading wicket-taker in T20I cricket