ദുബായ്: ട്വന്റി-20 ലോകകപ്പില്‍ പാകിസ്താനെതിരായ തോല്‍വിക്ക് പിന്നാലെ വിമര്‍ശനങ്ങള്‍ നേരിട്ട ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമിക്ക് പിന്തുണയുമായി മുന്‍താരങ്ങളായ വീരേന്ദര്‍ സെവാഗും ഇര്‍ഫാന്‍ പഠാനും. നിരവധി മോശം പരാമര്‍ശങ്ങളാണ് ഷമിക്കെതിരേ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. ഒരു മുസ്ലിം പാകിസ്താനോടൊപ്പം നില്‍ക്കുന്നുവെന്നും ഇങ്ങനെ കളിക്കാന്‍ എത്ര പണം കിട്ടി എന്നുമെല്ലാം ആളുകള്‍ കമന്റുകളിട്ടു.

ഈ വിഡ്ഢിത്തം നിര്‍ത്തൂ എന്നായിരുന്നു ഇതിനെല്ലാം പഠാന്റെ മറുപടി. 'ഞാനും ഇന്ത്യ-പാകിസ്താന്‍ മത്സരങ്ങളുടെ ഭാഗമായിട്ടുണ്ട്. അന്നും ഇന്ത്യ പരാജയപ്പെട്ടിട്ടുണ്ട്. പക്ഷേ പാകിസ്താനിലേക്ക് പോകൂ എന്ന തരത്തിലെ മോശം പ്രതികരണങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ല. കുറച്ചു വര്‍ഷങ്ങള്‍ മാത്രം മുമ്പുള്ള ഇന്ത്യയെ കുറിച്ചാണ് ഞാന്‍ പറയുന്നത്. ഈ വിഡ്ഢിത്തം അവസാനിപ്പിക്കേണ്ടിയിരിക്കുന്നു', പഠാന്‍ ട്വീറ്റ് ചെയ്തു.

ഷമിക്കെതിരായ സൈബര്‍ ആക്രമണം ഞെട്ടിക്കുന്നതാണെന്നും അദ്ദേഹത്തിന് പിന്തുണ നല്‍കുന്നുവെന്നും സെവാഗ് ട്വീറ്റ് ചെയ്തു. അദ്ദേഹം ചാമ്പ്യനാണ്. ഇന്ത്യക്കായി കളിക്കുന്നവരുടേയെല്ലാം ഹൃദയത്തിലും ഇന്ത്യ മാത്രമാണുള്ളത്. നിന്റെ കൂടെയുണ്ട് ഷമി. അടുത്ത മത്സരത്തില്‍ നമുക്ക് അടിച്ചുപൊളിക്കാം, സെവാഗ് ട്വീറ്റില്‍ പറയുന്നു. 

മത്സരത്തില്‍ 3.5 ഓവര്‍ എറിഞ്ഞ ഷമി 43 റണ്‍സ് വിട്ടുകൊടുത്തിരുന്നു. വിക്കറ്റുകളൊന്നും നേടിയിരുന്നില്ല. ലോകകപ്പില്‍ ഇന്ത്യക്കെതിരേ പാകിസ്താന്റെ ആദ്യ വിജയമായിരുന്നു ഇത്. ബൗളിങ്ങിലും ബാറ്റിങ്ങിലും തിളങ്ങി പത്ത് വിക്കറ്റിന്റെ ആധികാരിക വിജയമാണ് പാകിസ്താന്‍ സ്വന്തമാക്കിയത്. 

Content Highlights: Irfan Pathan, Virender Sehwag lend support to Mohammed Shami T20 WC India vs Pakistan