ലാഹോര്‍: ട്വന്റി-20  ലോകകപ്പ് നേടാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള ടീം ഇന്ത്യയാണെന്ന് പാകിസ്താന്റെ മുന്‍ ക്യാപ്റ്റന്‍ ഇന്‍സമാമുല്‍ ഹഖ്. യു.എ.ഇയിലും ഒമാനിലും ഇന്ത്യക്ക് അനുകൂലമായ സാഹചര്യമാണുള്ളതെന്നും പരിയചസമ്പത്തുള്ള താരങ്ങള്‍ ഇന്ത്യയുടെ മുതല്‍ക്കൂട്ടാണെന്നും ഇന്‍സമാമുല്‍ ഹഖ് വ്യക്തമാക്കി. തന്റെ യു ട്യൂബ് ചാനലിലെ പരിപാടിയിലാണ് മുന്‍ പാകിസ്താന്‍ താരത്തിന്റെ പ്രതികരണം.

ഓസ്‌ട്രേലിയക്കെതിരായ സന്നാഹ മത്സരത്തില്‍ ഇന്ത്യയുടെ പ്രകടനം നമ്മള്‍ കണ്ടതാണ്. 153 റണ്‍സ് പിന്തുടരാന്‍ ഇന്ത്യക്ക് വിരാട് കോലിയുടെ ആവശ്യം പോലും വന്നില്ല. ഇന്ത്യയും പാകിസ്താനും തമ്മില്‍ സൂപ്പര്‍ 12-ല്‍ നടക്കുന്ന മത്സരം ഫൈനലിന് മുമ്പുള്ള ഫൈനലാണ്. ഇതുപോലെ ചര്‍ച്ചയാകുന്ന ഒരു മത്സരം വേറെയില്ല. 2017 ചാമ്പ്യന്‍സ് ട്രോഫിയിലും ഇതേ സാഹചര്യമായിരുന്നു. സൂപ്പര്‍ 12-ലെ പോരാട്ടത്തില്‍ വിജയിക്കുന്ന ടീമിന് പിന്നീട് സമ്മര്‍ദ്ദമില്ലാതെ കളിക്കാനാകും.'  ഇന്‍സമാം വ്യക്തമാക്കുന്നു.

ലോകകപ്പ് സന്നാഹ മത്സരത്തില്‍ ഇന്ത്യ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരേ ഇന്ത്യ ആധികാരിക വിജയം നേടി. 

Content Highlights: Inzamam-ul-Haq says India have greater chance of winning T20 World Cup