ദുബായ്: ഇന്ത്യയുടെ ട്വന്റി 20 ലോകകപ്പ് ടീമിന്റെ മെന്ററായി മുന്‍ നായകന്‍ കൂടിയായ എം.എസ് ധോനി എത്തുന്നതില്‍ ടീം ആവേശത്തിലാണെന്ന് ക്യാപ്റ്റന്‍ വിരാട് കോലി.

ടൂര്‍ണമെന്റിന് മുന്നോടിയായി ശനിയാഴ്ച നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോലി. ധോനിയുടെ അനുഭവസമ്പത്ത് ടീമിന് വലിയ തോതില്‍ ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

''ലീഡര്‍ഷിപ്പ് റോളില്‍ ഏതൊരു ടീമിനൊപ്പമുണ്ടായാലും വലിയ മാറ്റം ഉണ്ടാക്കാന്‍ സാധിക്കുന്നയാളാണ് അദ്ദേഹം (ധോനി). ഇക്കൂട്ടത്തിലേക്ക് അദ്ദേഹത്തെ കിട്ടിയതില്‍ ഏറെ സന്തോഷമുണ്ട്. തീര്‍ച്ചയായും അദ്ദേഹത്തിന് ഈ ടീമിന്റെ മനോവീര്യം വര്‍ധിപ്പിക്കാന്‍ കഴിയും.'' - കോലി വ്യക്തമാക്കി.

തന്റെ കരിയറിന്റെ തുടക്കം മുതല്‍ ഒരു ഉപദേഷ്ടാവായി ധോനി ഉണ്ടായിരുന്നുവെന്നും പ്രത്യേകിച്ചും ഇപ്പോള്‍ കരിയര്‍ ആരംഭിക്കുന്ന യുവതാരങ്ങള്‍ക്ക് അദ്ദേഹത്തിന്റെ അനുഭവസമ്പത്തും പ്രയോജനപ്പെടുമെന്നും കോലി പറഞ്ഞു.

Content Highlights: indian team delighted to have MS Dhoni as their mentor says virat kohli