ദുബായ്: ട്വന്റി 20 ലോകകപ്പില്‍ നിന്ന് ഇന്ത്യ സെമി കാണാതെ പുറത്തായതിനു പിന്നാലെ ബയോ ബബിളിനുള്ളില്‍ കഴിയുമ്പോഴുള്ള വെല്ലുവിളികളെ കുറിച്ച് പറഞ്ഞ് മുന്‍ ഇന്ത്യന്‍ ടീം പരിശീലകന്‍ രവി ശാസ്ത്രി. 

ട്വന്റി 20 ലോകകപ്പിനു പിന്നാലെ ശാസ്ത്രി, ബൗളിങ് കോച്ച് ഭരത് അരുണ്‍, ഫീല്‍ഡിങ് കോച്ച് ആര്‍. ശ്രീധര്‍ എന്നിവര്‍ സ്ഥാനമൊഴിഞ്ഞിരുന്നു. 

നീണ്ട കാലയളവില്‍ ബയോ ബബിളില്‍ കഴിയേണ്ടി വന്നാല്‍ സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാന്റെ പ്രകടനം പോലും മോശമാകുമെന്ന് ശാസ്ത്രി പറഞ്ഞു.

''കഴിഞ്ഞ ആറു മാസത്തോളമായി ടീം ബയോ ബബിളിലാണ്. ഞാന്‍ മാനസികമായി തളര്‍ന്നു. പക്ഷേ കളിക്കാര്‍ മാനസികമായും ശാരീരികമായും തളര്‍ന്ന അവസ്ഥയിലാണ്.  ഐ.പി.എല്ലിനും ട്വന്റി 20 ലോകകപ്പിനുമിടയില്‍ അല്‍പം കൂടി ഇടവേളയുണ്ടായിരുന്നെങ്കില്‍ നല്ലതായിരുന്നു.'' - ശാസ്ത്രി പറഞ്ഞു.

എല്ലാ ഫോര്‍മാറ്റിലും കളിക്കുന്ന നിരവധി താരങ്ങള്‍ ടീമിലുണ്ട്. കഴിഞ്ഞ 24 മാസത്തിനുള്ളില്‍ വെറും 25 ദിവസം മാത്രമാണ് അവരെല്ലാം വീട്ടിലുണ്ടായിരുന്നത്. നിങ്ങള്‍ ആരുതന്നെയാണെങ്കിലും , ഇനി നിങ്ങളുടെ പേര് ബ്രാഡ്മാനെന്നാണെങ്കിലും നിങ്ങള്‍ ബബിളിനുള്ളിലാണെങ്കില്‍ നിങ്ങളുടെ ശരാശരി താഴേക്ക് പോകും, കാരണം നിങ്ങള്‍ മനുഷ്യനാണ്. പുറകില്‍ പെട്രോള്‍ ഒഴിച്ച് ഓടാന്‍ നിങ്ങള്‍ക്ക് കളിക്കാരോട് പറയാനാകില്ല.'' - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വന്‍ മത്സരങ്ങളിലെ സമ്മര്‍ദ നിമിഷങ്ങളില്‍ മികവു കാട്ടാനായില്ല. എങ്കിലും ഇതൊന്നും പരാജയത്തിനുള്ള ഒഴികഴിവുകളല്ലെന്നും ശാസ്ത്രി വ്യക്തമാക്കി.

Content Highlights: indian players are drained ravi shastri listed  challenges of staying in bio bubble