ദുബായ്: ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ നേരിടുന്ന പ്രധാന പ്രശ്‌നം താരാധിക്യമുള്ള ബാറ്റിങ് ലൈനപ്പ് തന്നെയാണ്. പ്രത്യേകിച്ച് ഓപ്പണര്‍മാരുടെ കാര്യത്തില്‍. രോഹിത് ശര്‍മയും ഇഷാന്‍ കിഷനും കെ.എല്‍.രാഹുലും നായകന്‍ വിരാട് കോലിയുമെല്ലാം ഓപ്പണര്‍മാരുടെ റോളില്‍ കളിക്കുന്നവരാണ്. ഇതില്‍ രോഹിത് ടീമില്‍ സ്ഥാനം ഉറപ്പിച്ചു. മറ്റൊരു ഓപ്പണര്‍ ആരെന്ന സംശയത്തിലാണ് ഇന്ത്യന്‍ ആരാധകര്‍. 

അതിനുള്ള ഉത്തരവുമായി നായകന്‍ കോലി തന്നെ രംഗത്തെത്തി. ഇംഗ്ലണ്ടിനെതിരായ സന്നാഹമത്സരത്തിനുശേഷമാണ് കോലി ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. രോഹിതിനൊപ്പം കെ.എല്‍.രാഹുലായിരിക്കും ഓപ്പണറായി ഇറങ്ങുകയെന്ന് കോലി അറിയിച്ചു. ഇഷാന്‍ കിഷന് അവസരം ലഭിക്കില്ല. കോലി മൂന്നാമനായി ഇറങ്ങും. 

''ഇപ്പോള്‍ രോഹിതിനൊപ്പം കെ.എല്‍. രാഹുലിനെയല്ലാതെ ഓപ്പണിങ്ങില്‍ സങ്കല്പിക്കാനാകില്ല. ഞാന്‍ മൂന്നാം നമ്പറില്‍ ഇറങ്ങും.'' - പത്രസമ്മേളനത്തില്‍ കോലി പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തില്‍ രാഹുലും കിഷനും തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. എന്നാല്‍ ഓപ്പണര്‍ക്കുള്ള നറുക്കുവീണത് രാഹുലിനാണ്. ഐ.പി.എല്ലിലും മികച്ച പ്രകടനമാണ് രാഹുല്‍ പുറത്തെടുത്തത്. 

ഓപ്പണര്‍മാരെക്കുറിച്ച് മാത്രമാണ് കോലി സംസാരിച്ചത്. മറ്റ് താരങ്ങള്‍ ആരെല്ലാമായിരിക്കുമെന്ന് വെളിപ്പെടുത്താന്‍ ഇന്ത്യന്‍ നായകന്‍ തയ്യാറായില്ല. 

ഒക്ടോബര്‍ 24 ന് പാകിസ്താനെതിരെയാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം. വൈകിട്ട് 7.30 നാണ് മത്സരം നടക്കുക. അതിനുമുന്‍പായി ഓസ്‌ട്രേലിയയ്‌ക്കെതിരേ ഇന്ത്യ പരിശീലന മത്സരം കളിക്കും. 

Content Highlights: Indian cricket team captain Virat Kohli unveiling new opener