ദുബായ്: ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടങ്ങള്‍ക്ക് മുന്‍പ് സന്നാഹമത്സരങ്ങള്‍ കളിക്കാനൊരുങ്ങി ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ഇന്ന് നടക്കുന്ന ആദ്യ സന്നാഹ മത്സരത്തില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളി. വൈകിട്ട് 7.30 നാണ് മത്സരം. 

ലോകകപ്പിനുള്ള ടീം കോമ്പിനേഷന്‍ കണ്ടെത്താനുള്ള അവസാന അവസരമാണിത്. ഓപ്പണിങ്ങില്‍ രോഹിത് ശര്‍മയ്ക്കൊപ്പം കെ.എല്‍. രാഹുലോ ഇഷാന്‍ കിഷനോ എന്നതാണ് ക്യാപ്റ്റന്‍ കോലിക്കു മുന്നിലുള്ള പ്രധാന ചോദ്യം. ലോകകപ്പില്‍ ഓപ്പണറായി ഇറങ്ങാനുള്ള താല്‍പ്പര്യം കോലിയും വ്യക്തമാക്കിയിരുന്നു. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഫിറ്റ്നസും ഇന്ത്യയെ കുഴക്കുന്ന ഘടകമാണ്.

നിലവില്‍ രാഹുലും ഇഷാന്‍ കിഷനുമാണ് ഓപ്പണറുടെ റോളിലേക്ക് മത്സരിക്കുന്നത്. ഇന്നത്തെ മത്സരത്തില്‍ രോഹിത്തിന് വിശ്രമം നല്‍കി ഇരുവര്‍ക്കും കളിക്കാന്‍ അവസരം നല്‍കുമെന്ന് പരിശീലകന്‍ രവി ശാസ്ത്രി സൂചിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ ടീമിന്റെ മെന്ററായി സ്ഥാനമേറ്റ എം.എസ്.ധോനി ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്. ധോനിയുടെ നിര്‍ദേശങ്ങള്‍ ടീമിന് മുതല്‍ക്കൂട്ടാവും.

ഹാര്‍ദിക് പന്തെറിയാത്ത പക്ഷം ശാര്‍ദുല്‍ ടീമില്‍ സ്ഥാനം നേടിയേക്കും. സ്പിന്നര്‍മാരായി രാഹുല്‍ ചാഹര്‍, വരുണ്‍ ചക്രവര്‍ത്തി, രവിചന്ദ്ര അശ്വിന്‍ എന്നിവരാണ് ടീമിലുള്ളത്. ഓസ്‌ട്രേലിയയ്‌ക്കെതിരേയും ഇന്ത്യ പരിശീലന മത്സരം കളിക്കും. 

ഒക്ടോബര്‍ 24 നാണ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം. ചിരവൈരികളായ പാകിസ്താനാണ് ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ എതിരാളി. 

Content Highlights: India vs England warm-up match at Dubai before World Cup