ന്യൂഡല്‍ഹി: ഐ.പി.എല്ലിനു പിന്നാലെ ഈ മാസം യു.എ.ഇയില്‍ ആരംഭിക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മാറ്റമുണ്ടാകാന്‍ സാധ്യത.

ലോകകപ്പിനായി പ്രഖ്യാപിച്ച ടീമില്‍ മാറ്റം വരുത്താന്‍ രാജ്യങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള അവസാന ദിവസമായ നാളെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ദേശീയ സെലക്ടര്‍മാരുമായി ചര്‍ച്ച നടത്താനുള്ള തയ്യാറെടുപ്പിലാണ്. ലോകകപ്പിനുള്ള 15 അംഗ അന്തിമ ടീമിനെ തീരുമാനിക്കാനാണിതെന്നാണ് റിപ്പോര്‍ട്ട്. 

നേരത്തെ സെപ്റ്റംബര്‍ എട്ടിന് ഇന്ത്യ ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചിരുന്നു. യുസ്‌വേന്ദ്ര ചാഹല്‍, ഷാര്‍ദുല്‍ താക്കൂര്‍, ശ്രേയസ് അയ്യര്‍ തുടങ്ങിയവരെ ഒഴിവാക്കിയുള്ളതായിരുന്നു ഈ സംഘം.

എന്നാല്‍ ലോകകപ്പ് സംഘത്തില്‍ ഉള്‍പ്പെട്ട പല താരങ്ങളുടെയും ഐ.പി.എല്ലിലെ പ്രകടനം പരിതാപകരമാകുകയും ടീമിന് പുറത്തായ താരങ്ങളില്‍ പലരും മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്ത സാഹചര്യത്തിലാണ് നാളെ യോഗം നടക്കാനിരിക്കുന്നത്. 

ടീമിലുള്ള ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഫോമും ഫിറ്റ്‌നസും ഇന്ത്യയെ അലട്ടുന്ന പ്രശ്‌നമായിരിക്കുകയാണ്. മുംബൈക്കായി ബാറ്റിങ്ങില്‍ മോശം ഫോമിലായിരുന്ന പാണ്ഡ്യ സീസണില്‍ ഒരു പന്തുപോലും എറിഞ്ഞിരുന്നില്ല. ടീമില്‍ നാലാം സീമറായാണ് ഹാര്‍ദിക്കിനെ കണ്ടിരുന്നത്. താരം പന്തെറിയാത്ത സാഹചര്യത്തില്‍ ലോകകപ്പിനുള്ള ടീമിന്റെ കോമ്പിനേഷന്‍ പ്രശ്‌നത്തിലായിരിക്കുകയാണ്. 

എന്നാല്‍ ഹാര്‍ദിക്കിനെ ടീമില്‍ നിന്ന് ഒഴിവാക്കാന്‍ ബോര്‍ഡിന് താത്പര്യമില്ല. കാരണം നിലവില്‍ ഷാര്‍ദുല്‍ താക്കൂറിനും ദീപക് ചാഹറിനും ഹാര്‍ദിക്കിന്റെ സ്ഥാനം പൂര്‍ണമായും അവകാശപ്പെടാനാകില്ല.

Content Highlights: India to change T20 World Cup squad