ദുബായ്: ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ 12 ഘട്ടത്തിലെ ഇന്ത്യ - പാകിസ്താന്‍ മത്സരത്തിനു പിന്നാലെ തേര്‍ഡ് അമ്പയറുടെ ഇടപെടലിനെ ചൊല്ലി വിവാദം.

മത്സരത്തില്‍ ഇന്ത്യ 10 വിക്കറ്റിന്റെ തോല്‍വി വഴങ്ങിയതിനു പിന്നാലെ ഇന്ത്യന്‍ താരം കെ.എല്‍ രാഹുല്‍ പുറത്തായത് നോബോളിലായിരുന്നുവെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. 

ഷഹീന്‍ അഫ്രീദി എറിഞ്ഞ മൂന്നാം ഓവറിലെ ആദ്യ പന്തില്‍ രാഹുല്‍ ബൗള്‍ഡാകുകയായിരുന്നു. എന്നാല്‍ ഈ പന്ത് നോബോളാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ ആരാധകര്‍ ട്വിറ്ററില്‍ പങ്കുവെച്ചു. 

പന്ത് റിലീസ് ചെയ്യുമ്പോള്‍ അഫ്രീദിയുടെ കാല്‍ വരയ്ക്ക് വെളിയിലാണെന്ന് തെളിയിക്കുന്ന ചിത്രങ്ങളാണ് പ്രചരിക്കുന്നത്. മത്സരത്തില്‍ എട്ടു പന്തില്‍ നിന്ന് മൂന്ന് റണ്‍സ് മാത്രമെടുത്താണ് രാഹുല്‍ പുറത്താകുന്നത്. എന്നാല്‍ ഫീല്‍ഡ് അമ്പയറോ തേര്‍ഡ് അമ്പയറോ ഇക്കാര്യം കണക്കിലെടുത്തില്ല.

അതേസമയം ലോകകപ്പ് വേദിയില്‍ ആദ്യമായി ഇന്ത്യ പാകിസ്താനോട് തോറ്റു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്താന്‍ 13 പന്തുകള്‍ ബാക്കിനില്‍ക്കേ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ ലക്ഷ്യം കണ്ടു. അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍മാരായ ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍ എന്നിവരാണ് പാക് ജയം ഏകപക്ഷീയമാക്കിയത്. 

Content Highlights: icc t20 world cup images showing kl rahul was dismissed off no-ball in india pakistan match