ദുബായ്: ട്വന്റി 20 ലോകകപ്പില്‍ പാകിസ്താനോട് പരാജയപ്പെട്ടതിനു പിന്നാലെ ഇന്ത്യയ്ക്ക് മറ്റൊരു തിരിച്ചടി കൂടി.

മത്സരത്തിനിടെ ഷഹീന്‍ അഫ്രീദിയുടെ പന്ത് തോളത്ത് തട്ടിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ താരം ഹാര്‍ദിക് പാണ്ഡ്യയെ സ്‌കാനിങ്ങിന് വിധേയനാക്കി. മത്സരത്തില്‍ താരം ഫീല്‍ഡിങ്ങിന് ഇറങ്ങിയില്ല. ഹാര്‍ദിക്കിന് പകരം ഇഷാന്‍ കിഷനാണ് രണ്ടാം ഇന്നിങ്‌സില്‍ കളത്തിലിറങ്ങിയത്. 

പാണ്ഡ്യയെ സ്‌കാനിങ്ങിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ബി.സി.സി.ഐ അറിയിച്ചിരുന്നു. അതേസമയം താരത്തിന്റെ പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് വ്യക്തമല്ല. 

നേരത്തെ തോളിനേറ്റ പരിക്കിനെ തുടര്‍ന്ന് ഹാര്‍ദിക് ദീര്‍ഘനാള്‍ ടീമിന് പുറത്തായിരുന്നു. പരിക്ക് മാറി തിരിച്ചെത്തിയ ശേഷം ഇക്കഴിഞ്ഞ ഐ.പി.എല്ലിലടക്കം താരം പന്തെറിഞ്ഞിട്ടില്ല. ബാറ്റ് കൊണ്ടും മികവ് കാണിക്കാന്‍ സാധിക്കാതിരുന്ന പാണ്ഡ്യ ബൗള്‍ ചെയ്യുന്നില്ലെങ്കില്‍ ലോകകപ്പ് ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നില്ലെന്ന് മുന്‍ താരങ്ങളടക്കം അഭിപ്രായപ്പെട്ടിരുന്നു.

എന്നാല്‍ ഹാര്‍ദിക്കിന് പിന്തുണയുമായി ക്യാപ്റ്റന്‍ വിരാട് കോലി തന്നെ രംഗത്തെത്തുകയും ചെയ്തു. ആറാം നമ്പറില്‍ അദ്ദേഹം ടീമിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ലെന്നും കളിയുടെ ഗതി നിര്‍ണയിക്കാനുള്ള ഇന്നിങ്സ് കളിക്കാനുള്ള കെല്‍പ്പ് ഹാര്‍ദിക്കിനുണ്ടെന്നും കോലി പറഞ്ഞിരുന്നു.

Content Highlights: icc t20 world cup 2021 hardik pandya sent for scan after hit on right shoulder