കറാച്ചി: ട്വന്റി 20 ലോകകപ്പിലെ ഇന്ത്യ-പാകിസ്താന്‍ മത്സര വിജയിയെ പ്രവചിച്ച് മുന്‍ പാക് ക്രിക്കറ്റ് ടീം നായകനായ റാഷിദ് ലത്തീഫ്. ദുബായില്‍ വെച്ച് വൈകുന്നേരം 7.30 നാണ് മത്സരം ആരംഭിക്കുന്നത്. 

ഈ മത്സരത്തില്‍ ഇന്ത്യ ആധിപത്യം പുലര്‍ത്തുമെന്ന് റാഷിദ് പറഞ്ഞു. ' എന്റെ അഭിപ്രായത്തില്‍ ഇന്നത്തെ മത്സരത്തില്‍ ഇന്ത്യ വിജയം നേടും. ഇന്ത്യ പിഴവുകള്‍ വരുത്തിയാല്‍ ഫലം മറ്റൊന്നാകും. പിഴവുകള്‍ മുതലെടുത്താല്‍ പാക് പട വിജയം നേടും. പിഴവുകളടച്ച പ്രകടനമാണ് ഇന്ത്യ പുറത്തെടുക്കുന്നതെങ്കില്‍ പാകിസ്താന് വിജയം ദുഷ്‌കരമാകും'- റഷീദ് പറഞ്ഞു.

മത്സരത്തില്‍ ടോസ് നിര്‍ണായകമാകുമെന്നാണ് റാഷിദിന്റെ അഭിപ്രായം. ദുബായിലെ പിച്ച് സ്ലോ ബോളര്‍മാര്‍ക്ക് കൂടുതല്‍ ഗുണം ചെയ്യുമെന്നും 52 കാരനായ മുന്‍ പാക് താരം കൂട്ടിച്ചേര്‍ത്തു. 

'ഞാന്‍ പാകിസ്താന്റെ നായകനായ സമയത്ത് പിഴവുകള്‍ വരുത്താതിരിക്കാനാണ് പരമാവധി ശ്രമിച്ചത്. തന്ത്രപരമായി വേണം എതിരാളിയെ നേരിടാന്‍. അവിടെ വൈകാരികതയുടെ ആവശ്യമില്ല. തന്ത്രപൂര്‍വം കളിച്ചാല്‍ എതിരാളികള്‍ തളരും. അത് മുതലെടുത്ത് കളിക്കണം. അങ്ങനെ ഇന്ന് കളിച്ചാല്‍ പാകിസ്താന് വിജയം നേടാനാകും' - റാഷിദ് കൂട്ടിച്ചേര്‍ത്തു

ലോകകപ്പ് മത്സരങ്ങളില്‍ പരസ്പരം അഞ്ചുതവണ ഏറ്റുമുട്ടിയപ്പോള്‍ ഒരു തവണ പോലും പാകിസ്താന് ഇന്ത്യയെ തോല്‍പ്പിക്കാനായിട്ടില്ല. 

Content Highlights: Former PAK Captain Gives His Verdict On India vs Pakistan Match