ന്യൂഡല്‍ഹി: പാകിസ്താനെതിരേ രണ്ട് വിക്കറ്റ് വീണപ്പോള്‍ തന്നെ ഇന്ത്യ സമ്മര്‍ദ്ദത്തിലായി എന്ന ക്യാപ്റ്റന്‍ വിരാട് കോലിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് മുന്‍താരം അജയ് ജഡേജ. ഇതിലൂടെ ഇന്ത്യയുടെ മനോഭാവമാണ് തുറന്നുകാട്ടുന്നതെന്ന് ജഡേജ വ്യക്തമാക്കി.

'പാകിസ്താനോട് തോറ്റ ശേഷം കോലിയുടെ പ്രതികരണം ഞാന്‍ കേട്ടു. രണ്ടു വിക്കറ്റുകള്‍ നഷ്്ടമായപ്പോള്‍ തന്നെ പാകിസ്താനെതിരായ കളിയില്‍ ഇന്ത്യ പിന്നിലായി എന്നാണ് കോലി പറഞ്ഞത്. അത് എന്നെ വല്ലാതെ നിരാശപ്പെടുത്തി.

വിരാട് കോലിയെപ്പോലൊരു താരം ഗ്രൗണ്ടിലുള്ളപ്പോള്‍ മത്സരം അവിടെ അവസാനിക്കാന്‍ ഒരു വഴിയുമില്ല. രണ്ടു പന്തു പോലും നേരിടുന്നതിന് മുമ്പ് ഇന്ത്യ പിന്നോട്ടുപോയി എന്നു ചിന്തിച്ചാല്‍ എങ്ങനെ ശരിയാകും. ഇന്ത്യ മത്സരത്തെ സമീപിച്ച രീതിയാണ് ഇതിലൂടെ വ്യക്തമാകുന്നത്.' ജഡേജ ചൂണ്ടിക്കാട്ടുന്നു. 

മത്സരത്തില്‍ ഇന്ത്യക്കായി കോലി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. 49 പന്തില്‍ നിന്ന് 57 റണ്‍സാണ് താരം നേടിയത്. നിശ്ചിത ഓവറില്‍ ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സ് അടിച്ചു. എന്നാല്‍ ഓപ്പണര്‍മാരായ ബാബര്‍ അസമും മുഹമ്മദ് റിസ്‌വാനും പാകിസ്താനെ വിജയത്തിലേക്ക് നയിച്ചു. ട്വന്റി-20യില്‍ പാകിസ്താന്റെ ആദ്യ പത്ത് വിക്കറ്റ് വിജയമായിരുന്നു അത്. ലോകകപ്പില്‍ ആദ്യമായി പാകിസ്താന്‍ ഇന്ത്യയെ തോല്‍പ്പിക്കുകയും ചെയ്തു. 

Content Highllights: Disappointed with Virat Kohli saying India fell behind against Pakistan says Ajay Jadeja