ണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മത്സരങ്ങളില്‍ ഗാലറിയിലിരുന്ന് ടീമിന്റെ പതാക വീശുന്ന ഡേവിഡ് വാര്‍ണറുടെ ചിത്രം അടുത്തിടെ സമാപിച്ച ഐപിഎല്‍ 14-ാം സീസണിനിടെ കണ്ട സങ്കട കാഴ്ചകളിലൊന്നായിരുന്നു. പരിക്കായിരുന്നില്ല വാര്‍ണറെ ടീം ഇലവനില്‍ നിന്ന് ഗാലറിയിലേക്ക് മാറ്റിയത്. മറിച്ച് ഫോം ഇല്ലായ്മ എന്ന ലേബലായിരുന്നു. പ്രായക്കൂടുതലും മോശം ഫോമും ചൂണ്ടിക്കാട്ടി സണ്‍റൈസേഴ്‌സ് മാനേജ്‌മെന്റ് മാറ്റിനിര്‍ത്തിയ വാര്‍ണര്‍ അതേ യുഎഇ മണ്ണില്‍ തന്റെ വിമര്‍ശകര്‍ക്ക് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ്. 

ചരിത്രത്തിലാദ്യമായി ഓസ്‌ട്രേലിയ ട്വന്റി 20 ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ടപ്പോള്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് 289 റണ്‍സുമായി ആ മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ചത് ഡേവിഡ് വാര്‍ണറെന്ന അമരക്കാരനായിരുന്നു. 

ഫൈനലില്‍ 38 പന്തില്‍ നിന്ന് 53 റണ്‍സുമായി തിളങ്ങിയ വാര്‍ണര്‍ തന്നെയാണ് ടൂര്‍ണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും. 

ഓസ്‌ട്രേലിയ കിരീടം നേടിയതിനു പിന്നാലെ വാര്‍ണറുടെ ഭാര്യ കാര്‍ഡിസ് ട്വീറ്റ് ചെയ്ത വാക്കുകളിലുണ്ടായിരുന്നു തന്റെ ഭര്‍ത്താവിനെ എഴുതിത്തള്ളിയവര്‍ക്കുള്ള മറുപടി. 'ഫോം ഔട്ട്, പ്രായക്കൂടുതല്‍, വേഗക്കുറവ്! ആശംസകള്‍ ഡേവിഡ് വാര്‍ണര്‍' എന്നായിരുന്നു അവരുടെ ട്വീറ്റ്.

ഐപിഎല്‍ 2021 സീസണില്‍ സണ്‍റൈസേഴ്‌സിനായി എട്ടു മത്സരങ്ങളില്‍ നിന്ന് 195 റണ്‍സാണ് വാര്‍ണര്‍ക്ക് നേടാനായത്. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ നടന്ന ട്വന്റി 20 ലീഗുകളില്‍ വാര്‍ണര്‍ 500 റണ്‍സില്‍ കുറവ് സ്‌കോര്‍ ചെയ്തത് ഇതാദ്യമായിരുന്നു. എന്നാല്‍ മോശം ഫോമിന്റെ പേരില്‍ തങ്ങള്‍ക്ക് ഒരു ഐപിഎല്‍ കിരീടം സമ്മാനിച്ച ക്യാപ്റ്റനെ തന്നെ ടീമിന് പുറത്തിരുത്താനായിരുന്നു സണ്‍റൈസേഴ്‌സിന്റെ തീരുമാനം. 

എന്നാല്‍ വാര്‍ണറാകട്ടെ ടീമിന്റെ മത്സരങ്ങള്‍ ഗാലറിയിലിരുന്ന് കണ്ട് ടീമിനെ അവരുടെ പതാക വീശി പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. എന്നിട്ടും സണ്‍റൈസേഴ്‌സിന് ഐപിഎല്ലില്‍ യാതൊരു തരത്തിലുമുള്ള മുന്നേറ്റവും സാധിച്ചില്ല.

ഇതിനു പിന്നാലെ യുഎഇയില്‍ തന്നെ നടക്കുന്ന ട്വന്റി 20 ടീമില്‍ വാര്‍ണറെ ഉള്‍പ്പെടുത്തിയതോടെ പലരും നെറ്റി ചുളിച്ചു. എന്നാല്‍ അത്തരക്കാര്‍ക്കെല്ലാം ലോകകപ്പിലെ മികച്ച ഇന്നിങ്‌സുകളിലൂടെയായിരുന്നു വാര്‍ണറുടെ മറുപടി. 

Content Highlights: David Warner epic reply with the bat to those people who wrote him off