സിഡ്‌നി: ട്വന്റി-20 ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ച് ഓസ്‌ട്രേലിയയുടെ മുന്‍താരം ബ്രാഡ് ഹോഗ്. സെമിയിലെത്തുന്ന നാല് ടീമുകളില്‍ രണ്ടെണ്ണം ഏഷ്യയില്‍ നിന്നായിരിക്കുമെന്നും ഓസ്‌ട്രേലിയ സെമിയിലെത്തില്ലെന്നും ഹോഗ് പ്രവചിക്കുന്നു. മുന്‍ ഇന്ത്യന്‍ താരം ദീപ്ദാസ് ഗുപ്തയുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഹോഗ്. 

സൂപ്പര്‍ 12-ലെ ഗ്രൂപ്പ് വണ്ണില്‍ നിന്ന് വെസ്റ്റിന്‍ഡീസും ഇംഗ്ലണ്ടും ഗ്രൂപ്പ് രണ്ടില്‍ നിന്ന് ഇന്ത്യയും പാകിസ്താനും സെമിയിലെത്തുമെന്ന് ഹോഗ് പറയുന്നു. ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും പുറത്താകും. ന്യൂസീലന്റ് അവസാന നാലിലെത്തില്ല. 

ഗ്രൂപ്പ് രണ്ടില്‍ നിന്ന് പാകിസ്താന്‍ സെമിയിലെത്തണമെങ്കില്‍ സൂപ്പര്‍ 12-ല്‍ ഇന്ത്യക്കെതിരായ മത്സരം നിര്‍ണായകമാകുമെന്നാണ് ഹോഗിന്റെ വിലയിരുത്തല്‍. ആദ്യ മത്സരത്തില്‍ ഇന്ത്യക്കെതിരേ തോറ്റാല്‍ ന്യൂസീലന്റിനെതിരായ അടുത്ത മത്സരം പാകിസ്താന് കടുപ്പമാകും. ഇന്ത്യയോട് തോറ്റാല്‍ പാകിസ്താന്‍ സെമിയിലെത്തുമെന്ന് കരുതുന്നില്ല. എന്നാല്‍ ഇന്ത്യക്ക് ഇത് ബാധകമല്ല. പാകിസ്താനെതിരേ തോറ്റാലും ഇന്ത്യ സെമി ഫൈനലിനുണ്ടാകും. അഭിമുഖത്തില്‍ ഹോഗ് പറയുന്നു.

ശനിയാഴ്ച്ച നടക്കുന്ന സൂപ്പര്‍ 12 ഉദ്ഘാടന മത്സരത്തില്‍ ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. രാത്രി നടക്കുന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ വെസ്റ്റിന്‍ഡീസും ഇംഗ്ലണ്ടും ഏറ്റുമുട്ടും. പാകിസ്താന്‍, ന്യൂസീലന്റ് എന്നിവരടങ്ങിയ ഗ്രൂപ്പ് രണ്ടിലാണ് ഇന്ത്യ.

Content Highlights: Brad Hogg Names His T20 World Cup Semifinal Picks