മസ്‌കറ്റ്: ട്വന്റി-20 ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബംഗ്ലാദേശിനെ ഞെട്ടിച്ച് സ്‌കോട്ട്‌ലന്റ് വിജയം പിടിച്ചെടുത്തിരുന്നു. അപ്രതീക്ഷിത വിജയം സ്‌കോട്ട്‌ലന്റ് താരങ്ങള്‍ നന്നായി ആഘോഷിക്കുകയും ചെയ്തു. എന്നാല്‍ ഈ ആഘോഷത്തെ തുടര്‍ന്ന് ബംഗ്ലാദേശ് ക്യാപ്റ്റന്‍ മഹ്മൂദുള്ളയ്ക്ക് വാര്‍ത്താസമ്മേളനം വരെ നിര്‍ത്തിവെയ്‌ക്കേണ്ട അവസ്ഥ വന്നു.

ബംഗ്ലാദേശിനെതിരായ ആറു റണ്‍സ് വിജയത്തിന് ശേഷം ഡ്രസ്സിങ് റൂമില്‍ തങ്ങളുടെ ദേശീയ ഗാനം ഉച്ചത്തില്‍ ആലപിച്ചായിരുന്നു സ്‌കോട്ട്‌ലന്റ് താരങ്ങളുടെ ആഘോഷം. ഈ സമയത്ത് മഹ്മൂദുള്ളയുടെ വാര്‍ത്താസമ്മേളനം നടക്കുകയായിരുന്നു. സ്‌കോട്ടിഷ് താരങ്ങളുടെ ആഘോഷത്തിന്‍െ ശബ്ദം പ്രസ് കോണ്‍ഫറന്‍സ് നടക്കുന്നിടത്ത് വരെ എത്തി. ഇതോടെ വാര്‍ത്താസമ്മേളനം നിര്‍ത്തിവെച്ച മഹ്മൂദുള്ള ശബ്ദം ഒന്നടങ്ങിയ ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി. 

ഇതിന്റെ വീഡിയോ സ്‌കോട്ട്‌ലന്റ് ക്രിക്കറ്റ് ബോര്‍ഡ് ട്വീറ്റ് ചെയ്തിട്ടുണ്ട്. 'ക്ഷമിക്കണം, അടുത്ത തവണ ശബ്ദം കുറയ്ക്കാന്‍ ശ്രമിക്കാം' എന്ന കുറിപ്പോടെയാണ് ട്വീറ്റ്. സംയമനം പാലിച്ച മഹ്മൂദുള്ളയെ സ്‌കോട്ട്‌ലന്റ് ക്രിക്കറ്റ് ബോര്‍ഡ് അഭിനന്ദിക്കുകയും ചെയ്തു. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സ്‌കോട്ട്‌ലന്റ് നിശ്ചിത ഓവറില്‍ നേടിയത് 140 റണ്‍സ് മാത്രമാണ്. മറുപടി ബാറ്റിങ്ങില്‍ ബംഗ്ലാദേശിന് ഏഴു വിക്കറ്റ് നഷ്ടത്തില്‍ നേടാനായത് 134 റണ്‍സ് മാത്രമാണ്.

 Content Highlights: Bangladesh Captain Mahmudullah Was Forced To Pause Post-Match Press Meet