ലാഹോര്‍: ഇന്ത്യയിലെയും പാകിസ്താനിലെയും ക്രിക്കറ്റ് ആരാധകര്‍ ഒരുപോലെ മറക്കാതെ മനസില്‍ വയ്ക്കും ബാബര്‍ അസമിന്റെയും മുഹമ്മദ് റിസ്വാന്റെയും ആ ഇന്നിങ്‌സ്. ഇരുവരും ചേര്‍ന്നാണ് ടിട്വന്റി ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയെ തകര്‍ത്തത്. ബാബര്‍ അസം 52 പന്തില്‍ നിന്ന് 68ഉം റിസ്വാന്‍ 55 പന്തില്‍ നിന്ന് 79 ഉം റണ്‍സെടുത്താണ് പാകിസ്താന് പത്ത് വിക്കറ്റ് ജയം സമ്മാനിച്ചത്.

എന്നാല്‍, ക്രിക്കറ്റ് ആരാധകര്‍ അറിയാതെ പോയൊരു കാര്യമുണ്ട്. വലിയൊരു വേദനയും വിങ്ങലും ഉള്ളിലൊതുക്കിയാണ് ബാബര്‍ അസം അന്ന് ഇന്ത്യയ്‌ക്കെതിരേ ഉജ്വല പ്രകടനം പുറത്തെടുത്ത്. ബാബര്‍ ദുബായിയിലെ കളിക്കുമ്പോള്‍ നാട്ടിലെ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു അമ്മ. അച്ഛന്‍ അസം സിദ്ദിഖിയാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്. ഒരു ശസ്ത്രക്രിയയെ തുടര്‍ന്നാണ് ബാബര്‍ അസമിന്റെ അമ്മയെ വെന്റിലേറ്റില്‍ പ്രവേശിപ്പിക്കേണ്ടിവന്നത്.

രാജ്യം ചില സത്യങ്ങള്‍ തിരിച്ചറിയേണ്ട സമയമായിരിക്കുന്നു. ഇന്ത്യയ്‌ക്കെതിരേ മികച്ച പ്രകടനം പുറത്തെടുത്ത കളിക്കാരെല്ലാവരും അഭിനന്ദനം അര്‍ഹിക്കുന്നു. അന്ന് ഞങ്ങളുടെ വീട്ടില്‍ വലിയൊരു പരീക്ഷണമുണ്ടായിരുന്നു. അന്ന് ബാബര്‍ അസമിന്റെ അമ്മ വെന്റിലേറ്ററിലായിരുന്നു. കടുത്ത മാസനിക ബുദ്ധിമുട്ട് സഹിച്ചാണ് ബാബര്‍ മത്സരമത്രയും കളിച്ചുതീര്‍ത്തത്. ഞാനിപ്പോള്‍ ഇവിടെ വരേണ്ടതല്ല. ബാബറിന്റെ മനസിന് ധൈര്യം കൊടുക്കാന്‍ വേണ്ടി മാത്രമാണ് ഞാന്‍ വന്നത്. ധൈവാധീനം കൊണ്ടാണ് അവന്‍ ഇപ്പോള്‍ കുഴപ്പമൊന്നും കൂടാതെ നില്‍ക്കുന്നത്-കുടുംബ ഫോട്ടോയ്‌ക്കൊപ്പം പോസ്റ്റ് ചെയ്ത വരികളില്‍ അസം സിദ്ധിഖി കുറിച്ചു.

കളിക്കാരെ അനാവവശ്യമായി കുറ്റപ്പെടുത്തുന്നത് ഒഴിവാക്കാന്‍ കൂടിയാണ് താന്‍ ഇത് പോസ്റ്റ് ചെയ്യുന്നതെന്നും സിദ്ധിഖി പറഞ്ഞു.

ആദ്യ മത്സരത്തില്‍ ഇന്ത്യയെയും രണ്ടാം മത്സരത്തില്‍ ന്യൂസീലന്‍ഡിനെയും തകര്‍ത്ത് പാകിസ്താന്‍ ഏതാണ്ട് സെമിയോഗ്യത ഉറപ്പാക്കിയിട്ടുണ്ട്. നമീബിയയാണ് അവരുടെ അടുത്ത എതിരാളി.

Content Highlights: Babar Azam's mother was on ventilator when Pakistan played India in T20 World Cup: