ഒമാന്‍: പാപ്പുവ ന്യൂ ഗിനിയയെ 84 റണ്‍സിന് തോല്‍പ്പിച്ചു ബംഗ്ലാദേശ് ട്വന്റി-20 ലോകകപ്പ് സൂപ്പര്‍ 12-ല്‍. 182 റണ്‍സ് വിജലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാപ്പുവ ന്യൂ ഗിനിയ 19.3 ഓവറില്‍ 97 റണ്‍സിന് ഓള്‍ഔട്ടായി.

അര്‍ധ സെഞ്ചുറി നേടിയ മഹ്മൂദുളളയും 46 റണ്‍സെടുത്ത ഷക്കീബുല്‍ ഹസ്സനും ബംഗ്ലാദേശിന് മികച്ച സ്‌കോര്‍ സമ്മാനിച്ചു. 28 പന്തില്‍ മൂന്നു വീതം ഫോറും സിക്‌സും സഹിതമായിരുന്നു മഹ്മൂദുള്ളയുടെ 50 റണ്‍സ്. ലിറ്റണ്‍ ദാസ് 29 റണ്‍സും ആഫിഫ് ഹൊസൈന്‍ 21 റണ്‍സും നേടി. 

മറുപടി ബാറ്റിങ്ങില്‍ കിപ്ലിന്‍ ഡോറിഗ പാപ്പുവ ന്യൂ ഗിനിയക്കായി ഒറ്റയാള്‍ പോരാട്ടം നടത്തി. 34 പന്തില്‍ രണ്ടു വീതം ഫോറും സിക്‌സും സഹിതം 46 റണ്‍സെടുത്ത് കിപ്ലിന്‍ പുറത്താകാതെ നിന്നു. എന്നാല്‍ പിന്തുണ നല്‍കാന്‍ ആരുമുണ്ടായില്ല. കാദ് സോപെര്‍ 11 റണ്‍സെടുത്തു. ശേഷിക്കുന്ന ഒമ്പത് പേരും രണ്ടക്കം കാണാതെ പുറത്തായി. 

ഷക്കീബുല്‍ ഹസ്സന്റെ ബൗളിങ്ങിന് മുന്നില്‍ പാപ്പുവ ന്യൂ ഗിനിയ തകരുകയായിരുന്നു. നാല് ഓവറില്‍ ഒമ്പത് റണ്‍സ് മാത്രം വഴങ്ങി ഷക്കീബുല്‍ ഹസ്സന്‍ നാല് വിക്കറ്റാണ് വീഴ്ത്തിയത്. തസ്‌കിന്‍ അഹമ്മദും മുഹമ്മദ് സൈഫുദ്ദീനും രണ്ട് വിക്കറ്റ് വീതം നേടി. മെഹ്ദി ഹസ്സനാണ് ഒരു വിക്കറ്റ്. 

നേരത്തെ ആദ്യ മത്സരത്തില്‍ സ്‌കോട്ട്‌ലന്‍ഡിനെതിരേ ബംഗ്ലാദേശ് തോറ്റിരുന്നു. എന്നാല്‍ ഒമാനേയും പാപ്പുവ ന്യൂ ഗിനിയയേയും തോല്‍പ്പിച്ചത് സൂപ്പര്‍ 12-ലേക്ക് യോഗ്യത നല്‍കുകയായിരുന്നു. നിലവില്‍ നാല് പോയിന്റുമായി ഗ്രൂപ്പ് ബിയില്‍ ഒന്നാമതാണ്. 

Content Highlights: T20 World Cup Cricket Bangladesh vs Papua New Guinea