അബുദാബി: ട്വന്റി 20 ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ശ്രീലങ്കയ്ക്ക് വിജയം. അയര്‍ലന്‍ഡിനെ 70 റണ്‍സിന് തകര്‍ത്താണ് ശ്രീലങ്ക തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും വിജയം നേടിയത്. ഈ വിജയത്തോടെ ശ്രീലങ്ക സൂപ്പര്‍ 12-ല്‍ ഇടം നേടി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക നിശ്ചിത ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തു. 47 പന്തുകളില്‍ നിന്ന് 71 റണ്‍സെടുത്ത ഓള്‍റൗണ്ടര്‍ വാനിധു ഹസരംഗയും 61 റണ്‍സടിച്ച പത്തും നിസ്സംഗയും ചേര്‍ന്നാണ് ശ്രീലങ്കയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. അയര്‍ലന്‍ഡിനുവേണ്ടി ജോഷ്വ ലിറ്റില്‍ 23 റണ്‍സ് മാത്രം വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തി. 

172 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ അര്‍ലന്‍ഡിന് ഒരു ഘട്ടത്തില്‍പ്പോലും വിജയത്തിലേക്ക് മുന്നേറാനായില്ല. 18.3 ഓവറില്‍ അയര്‍ലന്‍ഡ് വെറും 101 റണ്‍സിന് ഓള്‍ ഔട്ടായി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ മഹീഷ് തീക്ഷണയും രണ്ട് വിക്കറ്റ് വീതം നേടിയ ലാഹിരു കുമാരയും ചമിക കരുണ രത്‌നെയുമാണ് അയര്‍ലന്‍ഡിനെ തകര്‍ത്തത്. 41 റണ്‍സെടുത്ത ആന്‍ഡ്രൂ ബാള്‍ബിര്‍നി മാത്രമാണ് അയര്‍ലന്‍ഡിനുവേണ്ടി തിളങ്ങിയത്. 

71 റണ്‍സെടുക്കുകയും ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ഹസരംഗയാണ് മത്സരത്തിലെ താരം. 

Content Highlights: Srilanka beat Ireland by 70 runs in T20 world cup qualifier