മസ്‌കത്ത്: ആതിഥേയരായ ഒമാനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ച് സ്‌കോട്ട്‌ലന്‍ഡ്‌ ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ 12ലേക്ക് യോഗ്യത നേടി. ഒമാന്‍ ഉയര്‍ത്തിയ 122 റണ്‍സ് പിന്തുടര്‍ന്ന സ്‌കോട്ട്‌ലന്‍ഡ്‌ മൂന്ന് ഓവര്‍ ബാക്കിനില്‍ക്കെയാണ് ലക്ഷ്യത്തിലെത്തിയത്. യോഗ്യതാ റൗണ്ടിലെ മൂന്ന് മത്സരങ്ങളും ജയിച്ച് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായാണ് സ്‌കോട്ട്‌ലന്‍ഡിന്റെ സൂപ്പര്‍ 12 പ്രവേശനം. 

സ്‌കോര്‍: ഒമാന്‍ - 20 ഓവറില്‍ 122/10. സ്‌കോട്ട്‌ലന്‍ഡ്‌ - 17 ഓവറില്‍ 123/2. 

ബൗളര്‍മാരും ബാറ്റര്‍മാരും ഒരുപോലെ തിളങ്ങിയപ്പോള്‍ സ്‌കോട്ട്‌ലന്‍ഡ്‌  അനായാസം ജയം പിടിച്ചെടുക്കുകയായിരുന്നു. 28 പന്തില്‍ 41 റണ്‍സ് നേടി നായകന്‍ കൈല്‍ കോയെറ്റ്‌സര്‍ ഫോമിലേക്ക് ഉയര്‍ന്നപ്പോള്‍ സ്‌കോട്ട്‌ലന്‍ഡ്‌ വിജയം ഉറപ്പാക്കി. ജോര്‍ജ് മുന്‍സി 20 റണ്‍സ് നേടി പുറത്തായി. 26 റണ്‍സുമായി പുറത്താകാതെ നിന്ന മാത്യൂ ക്രോസും റിച്ചി ബെറിങ്ടണും (31 റണ്‍സ്) സ്‌കോട്ട്‌ലന്‍ഡിനെ ലക്ഷ്യത്തിലെത്തിച്ചു. 

കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടമായതാണ് ഒമാന് തിരിച്ചടിയായത്. അഖിബ് ഇല്യാസ് (35 പന്തില്‍ 37 റണ്‍സ്), മുഹമ്മദ് നദീം (21 പന്തില്‍ 25 റണ്‍സ്), സീഷന്‍ മഖ്‌സൂദ് (30 പന്തില്‍ 34 റണ്‍സ്) എന്നിവര്‍ക്ക് മാത്രമാണ് ഒമാന്‍ നിരയില്‍ തിളങ്ങാനായത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജോഷ് ഡോവിയും രണ്ട് വിക്കറ്റ് വീതമെടുത്ത സഫിയാന്‍ ഷെരീഫ്, മൈക്കിള്‍ ലീസ്‌ക്ക് എന്നിവരുടെ മികച്ച ബൗളിങ് പ്രകടനമാണ് ഒമാനെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. 

content highlights: Scotland beat Oman to top Group B and qualify for Super 12s