ഒമാന്‍: ട്വന്റി 20 ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തില്‍ ആതിഥേയരായ ഒമാന് തകര്‍പ്പന്‍ ജയം. പാപ്പുവ ന്യൂ ഗിനിയയെ പത്തുവിക്കറ്റിനാണ് ഒമാന്‍ തകര്‍ത്തത്. പാപ്പുവ ന്യൂ ഗിനിയ ഉയര്‍ത്തിയ 130 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഒമാന്‍ 13.4 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ വിജയത്തിലെത്തി.

ഗ്രൂപ്പ് ബി യില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാപ്പുവ ന്യൂ ഗിനിയ നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒമാന് വേണ്ടി ഓപ്പണര്‍മാരായ ജതീന്ദര്‍ സിങ്ങും ആഖിബ് ഇല്യാസും വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത് അര്‍ധസെഞ്ചുറി നേടി. 

ഇന്ത്യയില്‍ വേരുകളുള്ള ജതീന്ദര്‍ 42 പന്തുകളില്‍ നിന്ന് ഏഴ് ബൗണ്ടറിയുടെയും നാല് സിക്‌സിന്റെയും അകമ്പടിയോടെ 73 റണ്‍സെടുത്തും ആഖിബ് 43 പന്തുകളില്‍ നിന്ന് അഞ്ച് ബൗണ്ടറിയുടെയും ഒരു സിക്‌സിന്റെയും ബലത്തില്‍ 50 റണ്‍സെടുത്തും പുറത്താവാതെ നിന്നു. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാപ്പുവ ന്യൂ ഗിനിയയ്ക്ക് വേണ്ടി നായകന്‍ ആസാദ് വാല മാത്രമാണ് മികച്ച പ്രകടനം പുറത്തെടുത്തത്. 43 പന്തുകളില്‍ നിന്ന് നാല് ബൗണ്ടറിയുടെയും മൂന്ന് സിക്‌സിന്റെയും അകമ്പടിയോടെ താരം 56 റണ്‍സെടുത്ത് പുറത്തായി. 37 റണ്‍സെടുത്ത ചാള്‍സ് അമിനിയും നന്നായി കളിച്ചു. പാപ്പുവ ന്യൂ ഗിനിയ ടീമിലെ എട്ട് താരങ്ങള്‍ക്ക് രണ്ടക്കം പോലും കടക്കാനായില്ല. 

മികച്ച ബൗളിങ് കാഴ്ചവെച്ച ഒമാന്‍ പാപ്പുവ ന്യൂ ഗിനിയയെ ശരിക്കും വരിഞ്ഞുമുറുക്കി. റണ്‍സെടുത്തുന്നതിനുമുന്‍പ് രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട ടീമിനെ അമിനിയും വാലയും ചേര്‍ന്നാണ് രക്ഷിച്ചത്. ഒമാന് വേണ്ടി നായകനും സ്പിന്നറുമായ സീഷാന്‍ മഖ്‌സൂദ് നാല് വിക്കറ്റ് വീഴ്ത്തി. ബിലാല്‍ ഖാന്‍, കലീമുള്ള എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. 

യോഗ്യതാ മത്സരങ്ങളില്‍ മുന്നിലെത്തുന്ന നാല് ടീമുകളാണ് സൂപ്പര്‍ 12-ലേക്ക് യോഗ്യത നേടുക. ഈ മാസം 23 നാണ് സൂപ്പര്‍ 12 മത്സരങ്ങള്‍ ആരംഭിക്കുക. 

Content Highlights: Oman beat Papua New Guinea in 2021 T20 world cup qualifier match