ഷാര്‍ജ:ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ 12-ലെ ആവേശകരമായ പോരാട്ടത്തില്‍ ന്യൂസീലന്‍ഡിനെ അഞ്ചുവിക്കറ്റിന് തകര്‍ത്ത് പാകിസ്താന്‍. ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 135 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്താന്‍ 18.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി. സ്‌കോര്‍ ന്യൂസീലന്‍ഡ് 20 ഓവറില്‍ ഏഴിന് 134, പാകിസ്താന്‍ 18.4 ഓവറില്‍ 135.

സൂപ്പര്‍ 12-ലെ പാകിസ്താന്റെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്. ഒരു ഘട്ടത്തില്‍ ന്യൂസീലന്‍ഡ് വിജയം നേടുമെന്ന് തോന്നിച്ചെങ്കിലും അവസാന ഓവറുകളില്‍ അടിച്ചുതകര്‍ത്ത ആസിഫ് അലിയും ഷൊഹൈബ് മാലിക്കുമാണ് പാകിസ്താന് വിജയം സമ്മാനിച്ചത്. ഇരുടീമിലെയും ബൗളര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുത്തു. ഈ വിജയത്തോടെ ഗ്രൂപ്പ് രണ്ടില്‍ പാകിസ്താന്‍ ഒന്നാമതെത്തി 

135 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന് വേണ്ടി പതിവുപോലെ ബാബര്‍ അസമും മുഹമ്മദ് റിസ്വാനുമാണ് ഓപ്പണ്‍ ചെയ്തത്. ആദ്യ അഞ്ചോവറില്‍ ഇരുവരും 28 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 

എന്നാല്‍ ആറാം ഓവറിലെ ആദ്യ പന്തില്‍ അപകടകാരിയായ പാക് നായകന്‍ ബാബറിനെ ക്ലീന്‍ ബൗള്‍ഡാക്കി ടിം സൗത്തി ന്യൂസീലന്‍ഡിന് ആശ്വാസം പകര്‍ന്നു. 11 പന്തുകളില്‍ നിന്ന് ഒന്‍പത് റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. സൗത്തിയുടെ അന്താരാഷ്ട്ര ട്വന്റി 20 കരിയറിലെ 100-ാം വിക്കറ്റാണിത്. ട്വന്റി 20 യില്‍ ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ മാത്രം താരമാണ് സൗത്തി. 

ബാബറിന് പകരം ഫഖര്‍ സമാന്‍ ക്രീസിലെത്തി. ബാറ്റിങ് പവര്‍പ്ലേയില്‍ പാകിസ്താന്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 30 റണ്‍സെടുത്തു. ഫഖര്‍ സമാന് അധികനേരം പിടിച്ചുനില്‍ക്കാനായില്ല. സ്‌കോര്‍ 47-ല്‍ നില്‍ക്കേ 11 റണ്‍സെടുത്ത സമാനെ തകര്‍പ്പന്‍ പന്തിലൂടെ വിക്കറ്റിന് മുന്നില്‍ കുടുക്കി ഇഷ് സോധി പാകിസ്താന്റെ രണ്ടാം വിക്കറ്റ് വീഴ്ത്തി. അമ്പയര്‍ ആദ്യം ഔട്ട് വിളിച്ചില്ലെങ്കിലും റിവ്യൂ ഉപയോഗിച്ച് ന്യൂസീലന്‍ഡ് വിക്കറ്റ് നേടിയെടുക്കുകയായിരുന്നു. 

സമാന് പകരം പരിചയസമ്പന്നനായ മുഹമ്മദ് ഹഫീസ് ക്രീസിലെത്തി.  ആദ്യ പത്തോവറില്‍ പാകിസ്താന്‍ 58 റണ്‍സാണ് നേടിയത്. നേരിട്ട ആദ്യ പന്തില്‍ തന്നെ സിക്‌സ് നേടിക്കൊണ്ട് ഹഫീസ് വരവറിയിച്ചു. പക്ഷേ താരത്തിന്റെ ഇന്നിങ്‌സിന് അധികം ആയുസ്സുണ്ടായില്ല. 11 റണ്‍സെടുത്ത ഹഫീസിനെ മിച്ചല്‍ സാന്റ്‌നര്‍ പുറത്താക്കി. അവിശ്വസനീയമായ ക്യാച്ചിലൂടെ ഡെവോണ്‍ കോണ്‍വേയാണ് താരത്തെ പുറത്താക്കിയത്. ഹഫീസിന് പകരം ഷൊഹൈബ് മാലിക്ക് ക്രീസിലെത്തി.

തൊട്ടടുത്ത ഓവറില്‍ ക്രീസിലുറച്ചുനിന്ന മുഹമ്മദ് റിസ്വാനെ മടക്കി ഇഷ് സോധി പാകിസ്താനെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടു. 34 പന്തുകളില്‍ നിന്ന് 33 റണ്‍സെടുത്ത റിസ്വാനെ സോധി വിക്കറ്റിന് മുന്നില്‍ കുടുക്കി. ഇതോടെ പാകിസ്താന്‍ 69 ന് നാല് വിക്കറ്റ് എന്ന നിലയിലായി. പിന്നാലെ വന്ന ഇമാദ് വസീമിനും പിടിച്ചുനില്‍ക്കാനായില്ല. 11 റണ്‍സെടുത്ത താരത്തെ ട്രെന്റ് ബോള്‍ട്ട് വിക്കറ്റിന് മുന്നില്‍ കുടുക്കി. 

വസീമിന് ശേഷം ആസിഫ് അലി ക്രീസിലെത്തി. അലി തകര്‍ത്തടിക്കാന്‍ തുടങ്ങിയതോടെ പാകിസ്താന് വിജയപ്രതീക്ഷ കൈവന്നു. സൗത്തി എറിഞ്ഞ 17-ാം ഓവറില്‍ തുടര്‍ച്ചയായി രണ്ട് സിക്‌സുകള്‍ നേടിക്കൊണ്ട് അലി ടീം സ്‌കോര്‍ 100 കടത്തി. 

അവസാന മൂന്നോവറില്‍ പാകിസ്താന് ജയിക്കാന്‍ 24 റണ്‍സാണ് വേണ്ടിയിരുന്നത്. സാന്റ്‌നര്‍ എറിഞ്ഞ 18-ാം ഓവറില്‍ ഒരു ഫോറും ഒരു സിക്‌സുമടിച്ച് മാലിക്ക് മത്സരം പാകിസ്താന് അനുകൂലമാക്കി. 

ട്രെന്റ് ബോള്‍ട്ട് ചെയ്ത 19-ാം ഓവറിലെ നാലാം പന്തില്‍ ആസിഫ് അലി പാകിസ്താന് വേണ്ടി വിജയറണ്‍ നേടി. ആസിഫ് അലി 12 പന്തുകളില്‍ നിന്ന് 27 റണ്‍സും ഷുഹൈബ് മാലിക്ക് 20 പന്തുകളില്‍ നിന്ന് 26 റണ്‍സെടുത്തും പുറത്താവാതെ നിന്നു.

ന്യൂസീലന്‍ഡിനുവേണ്ടി ഇഷ് സോധി രണ്ട് വിക്കറ്റെടുത്തപ്പോള്‍ മിച്ചല്‍ സാന്റ്‌നര്‍, ടിം സൗത്തി, ട്രെന്റ് ബോള്‍ട്ട് എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്‍ഡ് നിശ്ചിത ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുത്തു. തകര്‍പ്പന്‍ ബൗളിങ് പ്രകടനം പുറത്തെടുത്ത പാക് ബൗളര്‍മാരാണ് ന്യൂസീലന്‍ഡിനെ വരിഞ്ഞുമുറുക്കിയത്. ഡാരില്‍ മിച്ചല്‍ (27), ഡെവോണ്‍ കോണ്‍വേ (27), കെയ്ന്‍ വില്യംസണ്‍ (25) എന്നിവര്‍ മാത്രമാണ് കിവീസ് നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. പാകിസ്താന് വേണ്ടി ഹാരിസ് റഹൂഫ് നാല് വിക്കറ്റ് വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡിനുവേണ്ടി മാര്‍ട്ടിന്‍ ഗപ്റ്റിലും ഡാരില്‍ മിച്ചലും ചേര്‍ന്ന് ശ്രദ്ധയോടെയാണ് ഓപ്പണ്‍ ചെയ്തത്. ആദ്യ വിക്കറ്റില്‍ ഇരുവരും 36 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 

എന്നാല്‍ ആറാം ഓവറിലെ രണ്ടാം പന്തില്‍ ഗപ്റ്റിലിനെ ക്ലീന്‍ ബൗള്‍ഡാക്കി ഹാരിസ് റഹൂഫ് ന്യൂസീലന്‍ഡിന്റെ ആദ്യ വിക്കറ്റെടുത്തു. ഗപ്റ്റിലിന്റെ കാലില്‍ തട്ടിയ പന്ത് വിക്കറ്റില്‍ പതിക്കുകയായിരുന്നു. 20 പന്തുകളില്‍ നിന്ന് 17 റണ്‍സെടുത്താണ് താരം ക്രീസ് വിട്ടത്. ഗപ്റ്റിലിന് പകരം നായകന്‍ കെയ്ന്‍ വില്യംസണ്‍ ക്രീസിലെത്തി. ബാറ്റിങ് പവര്‍പ്ലേയില്‍ ന്യൂസീലന്‍ഡ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 42 റണ്‍സെടുത്തു.

8.1 ഓവറില്‍ ടീം സ്‌കോര്‍ 50 കടന്നു. എന്നാല്‍ തൊട്ടടുത്ത പന്തില്‍ ഡാരില്‍ മിച്ചലിനെ പുറത്താക്കി ഇമാദ് വസീം ന്യൂസീലന്‍ഡിന്റെ രണ്ടാം വിക്കറ്റെടുത്തു. 20 പന്തുകളില്‍ നിന്ന് 27 റണ്‍സെടുത്ത താരം ഫഖര്‍ സമാന് ക്യാച്ച് സമ്മാനിച്ച് മടങ്ങി. 

പിന്നാലെ വന്ന ജിമ്മി നീഷാം അതിവേഗത്തില്‍ മടങ്ങി. ഒരു റണ്‍സ് മാത്രമെടുത്ത നീഷാമിനെ മുഹമ്മദ് ഹഫീസ് ഫഖര്‍ സമാന്റെ കൈയ്യിലെത്തിച്ചു. ഇതോടെ ന്യൂസീലന്‍ഡ് 9.1 ഓവറില്‍ 56 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന സ്‌കോറിലേക്ക് കൂപ്പുകുത്തി. സ്‌കോറിങ്ങിന്  വേഗം കൂട്ടാന്‍ കിവീസിന് സാധിച്ചില്ല. ആദ്യ പത്തോവറില്‍ വെറും 60 റണ്‍സ് മാത്രമാണ് ടീമിന് നേടാനായത്. 

എന്നാല്‍ നീഷാമിന് പകരം ഡെവോണ്‍ കോണ്‍വേ എത്തിയതോടെ ന്യൂസീലന്‍ഡ് ഇന്നിങ്‌സിന് വേഗം കൈവന്നു. പിന്നീടുള്ള മൂന്നോവറില്‍ 30 റണ്‍സ് പിറന്നതോടെ കിവീസ് 13 ഓവറില്‍ 90 റണ്‍സ് നേടി. എന്നാല്‍ 14-ാം ഓവറിലെ ആദ്യ പന്തില്‍ കെയ്ന്‍ വില്യംസണ്‍ റണ്‍ ഔട്ടായി. 25 റണ്‍സെടുത്ത കിവീസ് നായകനെ ഹസ്സന്‍ അലി റണ്‍ ഔട്ടാക്കി. ഇതോടെ വീണ്ടും ന്യൂസീലന്‍ഡ് പ്രതിരോധത്തിലായി.

വില്യംസണ് പകരം ഗ്ലെന്‍ ഫിലിപ്‌സാണ് ക്രീസിലെത്തിയത്. 14.5 ഓവറില്‍ ടീം സ്‌കോര്‍ 100 കടന്നു. മികച്ച രീതിയില്‍ പന്തെറിഞ്ഞ പാകിസ്താന്‍ ന്യസീലന്‍ഡിനെ വലിയ സ്‌കോറിലേക്ക് കടക്കാന്‍ അനുവദിച്ചില്ല. 

18-ാം ഓവറിലെ ആദ്യ പന്തില്‍ കോണ്‍വെയെയും മൂന്നാം പന്തില്‍ ഫിലിപ്‌സിനെയും മടക്കി ഹാരിസ് റഹൂഫ് ന്യൂസീലന്‍ഡിനെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടു. 27 റണ്‍സെടുത്ത കോണ്‍വേ ബാബര്‍ അസമിനും 13 റണ്‍സ് നേടിയ ഫിലിപ്‌സ് ഹസ്സന്‍ അലിയ്ക്കും ക്യാച്ച് സമ്മാനിച്ച് മടങ്ങി. ഇതോടെ കിവീസ് 116 ന് ആറ് എന്ന സ്‌കോറിലേക്ക് കൂപ്പുകുത്തി. പിന്നീട് ക്രീസിലൊന്നിച്ച മിച്ചല്‍ സാന്റ്‌നറും ഇഷ് സോധിയും ചേര്‍ന്ന് ടീം സ്‌കോര്‍ 134-ല്‍ എത്തിച്ചു. അവസാന പന്തില്‍ ആറുറണ്‍സെടുത്ത സാന്റ്‌നറെ റഹൂഫ് ക്ലീന്‍ ബൗള്‍ഡാക്കി. 

പാകിസ്താന് വേണ്ടി ഹാരിസ് റഹൂഫ് നാലോവറില്‍ വെറും 22 റണ്‍സ് മാത്രം വിട്ടുനല്‍കി നാല് വിക്കറ്റ് വീഴ്ത്തി. ഷഹീന്‍ അഫ്രീദി, ഇമാദ് വസീം, മുഹമ്മദ് ഹഫീസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം....

Content Highlights: New Zealand vs Pakistan T20 World Cup Cricket Live Blog