അബുദാബി:  ക്രിക്കറ്റില്‍ നമീബിയക്ക് ഇത് ചരിത്രനിമിഷം. ട്വന്റി-20 ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ തോല്‍പ്പിച്ച് നമീബിയ ലോകകപ്പ് ചരിത്രത്തിലെ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കി. ആറു പന്ത് ശേഷിക്കെ ആറു വിക്കറ്റിനായിരുന്നു നമീബിയയുടെ വിജയം.

165 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ നമീബിയയെ ഡേവിഡ് വൈസിന്റെ ബാറ്റിങ്ങാണ് വിജയതീരത്തെത്തിച്ചത്. 40 പന്തില്‍ നാല് ഫോറിന്റേയും അഞ്ച് സിക്‌സിന്റേയും സഹായത്തോടെ ഡേവിഡ് വൈസ് 66 റണ്‍സ് അടിച്ചു. 22 പന്തില്‍ 32 റണ്‍സുമായി ക്യാപ്റ്റന്‍ എറാസ്മസ് വൈസിന് പിന്തുണ നല്‍കി.

ആദ്യം ബാറ്റു ചെയ്ത നെതര്‍ലന്റ്‌സിനായി ഓപ്പണര്‍ മാക്‌സ് ഡൗഡ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 56 പന്തില്‍ 70 റണ്‍സ് അടിച്ചെടുത്തു. കോളിന്‍ അക്കര്‍മാന്‍ 35 റണ്‍സ് നേടി. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 82 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. നമീബിയക്കായി ഫ്രൈലിങ്ക് രണ്ട് വിക്കറ്റ് വീഴ്ത്തി. 

ഗ്രൂപ്പ് എയില്‍ ഒന്നു വീതം വിജയവും തോല്‍വിയുമായി നമീബിയ മൂന്നാം സ്ഥാനത്താണ്. രണ്ടു മത്സരങ്ങളും തോറ്റ നെതര്‍ലന്‍ഡ്‌സ്‌ അവസാന സ്ഥാനത്താണ്.

Content Highlights: Namibia first World Cup win T20 World Cup Cricket