അബൂദാബി:  ആധികാരിക വിജയവുമായി ട്വന്റി-20 ലോകകപ്പിന് തുടക്കമിട്ട് അയര്‍ലന്റ്. അബൂദാബിയില്‍ നടന്ന ഗ്രൂപ്പ് എയിലെ മത്സരത്തില്‍ നെതര്‍ലന്റ്‌സിനെ ഏഴു വിക്കറ്റിന് പരാജയപ്പെടുത്തി. 107 റണ്‍സെന്ന ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അയര്‍ലന്റ് 29 പന്ത് ശേഷിക്കെ വിജയതീരത്തെത്തി.

29 പന്തില്‍ അഞ്ചു ഫോറിന്റേയും രണ്ട് സിക്‌സിന്റേയും സഹായത്തോടെ 44 റണ്‍സെടുത്ത ഗരെത് ഡെലാനിയും 39 പന്തില്‍ 30 റണ്‍സോടെ പുറത്താകാതെ നിന്ന പോള്‍ സ്റ്റിര്‍ലിങ്ങുമാണ് അയര്‍ലന്റിന്റെ വിജയം എളുപ്പമാക്കിയത്. കെവിന്‍ ഒബ്രിയന്‍ ഒമ്പത് റണ്‍സെടുത്തപ്പോള്‍ ക്യാപ്റ്റന്‍ ആന്‍ഡ്രു ബാല്‍ബിര്‍ണി എട്ടു റണ്‍സ് നേടി. ഏഴു പന്തില്‍ ഏഴു റണ്‍സോടെ കെര്‍ട്ടിസ് കാംഫെര്‍ പുറത്താകാതെ നിന്നു. 

ആദ്യം ബാറ്റു ചെയ്ത നെതര്‍ലന്റ്‌സിന് ഒരു റണ്‍ ചേര്‍ക്കുന്നതിനിടയില്‍ ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടു. അക്കൗണ്ട് തുറക്കുംമുമ്പ് ബെന്‍ കൂപ്പര്‍ റണ്‍ഔട്ടായി. പിന്നാലെ ഏഴ് റണ്‍സോടെ ബാസ് ലീഡും ക്രീസ് വിട്ടു. അടുത്ത ദുരന്തം നെതര്‍ലന്റ്‌സിനെ കാത്തിരിക്കുന്നുണ്ടായിരുന്നു. മൂന്നു വിക്കറ്റിന് 51 റണ്‍സ് എന്ന നിലയിലായിലായിരുന്ന അവര്‍ ആറു വിക്കറ്റിന് 51 എന്ന അവസ്ഥയിലേക്ക് കൂപ്പുകുത്തി. 10-ാം ഓവറില്‍ നാല് വിക്കറ്റ് പിഴുത കെര്‍ട്ടിസ് കാംഫെറായിരുന്നു അവരുടെ വില്ലന്‍. കോളിന്‍ അക്കര്‍മാന്‍(11), റയാന്‍ ടെന്‍ ഡോസ്ചേറ്റ്(0), സ്‌കോട്ട് എഡ്വേര്‍ഡ്സ് (0), റോലോഫ് വാന്‍ ഡെര്‍ മെര്‍വ് (0) എന്നിവരാണ് പുറത്തായത്. 55 റണ്‍സ് ചേര്‍ക്കുന്നതിനിടയില്‍ ശേഷിക്കുന്ന നാല് വിക്കറ്റ് കൂടി വീണു. 47 പന്തില്‍ ഏഴു ഫോറിന്റെ സഹായത്തോടെ 51 റണ്‍സ് അടിച്ച മാക്‌സ് ഡൗഡിന്റേയും 21 റണ്‍സ് അടിച്ച പീറ്റര്‍ സീലാറിന്റേയും പ്രകടനം മാത്രമാണ് അവര്‍ക്ക് ആശ്വസിക്കാനുള്ളത്. 

നാല് ഓവറില്‍ നാല് വിക്കറ്റ് വീഴ്ത്തിയ കാംഫെര്‍ വഴങ്ങിയത് 26 റണ്‍സ് മാത്രമാണ്. മാര്‍ക്ക് അഡര്‍ മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജോഷ്വ ലിറ്റില്‍ ഒരു വിക്കറ്റ് നേടി.

Content Highlights: Ireland vs Netherlands T20 World Cup 2021