അബുദാബി: 2021 ട്വന്റി 20 ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ജയം ഓസ്‌ട്രേലിയക്കൊപ്പം. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 119 റണ്‍സ് വിജയലക്ഷ്യം രണ്ടു പന്തുകള്‍ ബാക്കിനില്‍ക്കേ അഞ്ചു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഓസീസ് മറികടന്നു.

ചെറിയ സ്‌കോര്‍ പ്രതിരോധിക്കാനിറങ്ങിയ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ ഓസീസ് ബാറ്റ്‌സ്മാന്‍മാരെ തുടക്കത്തില്‍ വിറപ്പിക്കുകയും ചെയ്തു. 

35 റണ്‍സെടുത്ത സ്റ്റീവ് സ്മിത്താണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. 

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് രണ്ടാം ഓവറില്‍ തന്നെ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിനെ (0) നഷ്ടമായി. തുടര്‍ന്ന് 15 പന്തില്‍ നിന്ന് 14 റണ്‍സെടുത്ത വാര്‍ണറെ അഞ്ചാം ഓവറില്‍ റബാദ മടക്കി. മിച്ചല്‍ മാര്‍ഷിന്റെ ഊഴമായിരുന്നു അടുത്തത്. 17 പന്തില്‍ 11 റണ്‍സെടുത്ത താരത്തെ കേശവ് മഹാരാജ് പുറത്താക്കുകയായിരുന്നു. 

പിന്നാലെ നാലാം വിക്കറ്റില്‍ ഒന്നിച്ച സ്റ്റീവ് സ്മിത്ത് - ഗ്ലെന്‍ മാക്‌സ്‌വെല്‍ സഖ്യം ഓസീസിനെ 80 റണ്‍സ് വരെയെത്തിച്ചു. 34 പന്തില്‍ നിന്ന് 35 റണ്‍സെടുത്ത സ്മിത്തിനെ തകര്‍പ്പന്‍ ക്യാച്ചിലൂടെ പുറത്താക്കിയ ഏയ്ഡന്‍ മാര്‍ക്രം ഓസീസിനെ വീണ്ടും പ്രതിരോധത്തിലാക്കി. 16-ാം ഓവറില്‍ തബ്‌റൈസ് ഷംസിയെ റിവേഴ്‌സ് സ്വീപ് ചെയ്യാനുള്ള മാക്‌സ്‌വെല്ലിന്റെ ശ്രമം പാളി. 21 പന്തില്‍ 18 റണ്‍സുമായി മാക്‌സ്‌വെല്‍ മടങ്ങിയതോടെ ഓസീസ് വിറച്ചു. 

എന്നാല്‍ ആറാം വിക്കറ്റില്‍ ഒന്നിച്ച മാര്‍ക്കസ് സ്റ്റോയ്‌നിസ് - മാത്യു വെയ്ഡ് സഖ്യം കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഓസീസിനെ വിജയത്തിലെത്തിച്ചു. സ്റ്റോയ്‌നിസ് 16 പന്തില്‍ നിന്ന് 24 റണ്‍സുമായി പുറത്താകാതെ നിന്നു. വെയ്ഡ് 10 പന്തില്‍ നിന്ന് 15 റണ്‍സെടുത്തു. 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

36 പന്തില്‍ നിന്ന് ഒരു സിക്‌സും മൂന്ന് ഫോറുമടക്കം 40 റണ്‍സെടുത്ത ഏയ്ഡന്‍ മാര്‍ക്രമിന് മാത്രമാണ് ഓസീസ് ബൗളിങ് നിരയ്‌ക്കെതിരേ അല്‍പമെങ്കിലും പിടിച്ചുനില്‍ക്കാനായത്. 

ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാം ഓവറില്‍ തന്നെ ക്യാപ്റ്റന്‍ ടെമ്പ ബാവുമയെ (12) നഷ്ടമായി. പിന്നാലെ മൂന്നാം ഓവറില്‍ റാസ്സി വാന്‍ഡെര്‍ ദസ്സനും (2) മടങ്ങി. ഹെയ്‌സല്‍വുഡെറിഞ്ഞ അഞ്ചാം ഓവറില്‍ മോശം ഷോട്ടിന് ശ്രമിച്ച ക്വിന്റണ്‍ ഡിക്കോക്കിന്റെ ബാറ്റില്‍ തട്ടി പന്ത് വിക്കറ്റിലേക്ക് വീണതോടെ ദക്ഷിണാഫ്രിക്കയുടെ തകര്‍ച്ചയും തുടങ്ങി. പുറത്താകുമ്പോള്‍ ഏഴു റണ്‍സായിരുന്നു ഡിക്കോക്കിന്റെ സമ്പാദ്യം.

എട്ടാം ഓവറില്‍ ഹെയ്ന്റിച്ച് ക്ലാസെനെ (13) പുറത്താക്കി പാറ്റ് കമ്മിന്‍സും വരവറിയിച്ചു. പിന്നാലെ 14-ാം ഓവറില്‍ ആദം സാംപയെ സ്വീപ് ചെയ്യാനുള്ള ശ്രമത്തിനിടെ ഡേവിഡ് മില്ലര്‍ (16) വിക്കറ്റിന് മുന്നില്‍ കുടുങ്ങിയതോടെ ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷ മാര്‍ക്രം മാത്രമായി. എന്നാല്‍ 18-ാം ഓവറില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് മാര്‍ക്രമിനെ മാക്‌സ്‌വെല്ലിന്റെ കൈയിലെത്തിച്ചതോടെ പ്രോട്ടീസിന്റെ പ്രതീക്ഷ അവസാനിച്ചു.

ഡ്വെയ്ന്‍ പ്രെറ്റോറിയസ് (1), കേശവ് മാഹാരാജ് (0), ആന്റിച്ച് നോര്‍ക്യ (2) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. 

ഓസീസിനായി ഹെയ്‌സല്‍വുഡും ആദം സാംപയും മിച്ചല്‍ സ്റ്റാര്‍ക്കും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ടോസ് നേടിയ ഓസ്‌ട്രേലിയ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...

Content Highlights: ICC T20 World Cup South Africa vs Australia Super 12