ഒമാന്‍: ട്വന്റി-20 ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ സ്‌കോട്ട്‌ലന്റിന് തുടര്‍ച്ചയായ രണ്ടാം വിജയം. പാപ്പുവ ന്യൂ ഗിനിയയെ 17 റണ്‍സിന് തോല്‍പ്പിച്ചു. 166 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാപ്പുവ ന്യൂ ഗിനിയ 19.3 ഓവറില്‍ 148 റണ്‍സിന് പുറത്തായി. 

നാല് വിക്കറ്റ് വീഴ്ത്തിയ ജോഷ് ഡേവേയുടെ ബൗളിങ്ങാണ് പാപ്പുവ ന്യൂ ഗിനിയയെ തകര്‍ത്തത്. 37 പന്തില്‍ രണ്ടു വീതം ഫോറും സിക്‌സുമായി 47 റണ്‍സെടുത്ത നോര്‍മാന്‍ വനോ ഒറ്റയാള്‍ പോരാട്ടം നടത്തിയെങ്കിലും മറ്റാരും പിന്തുണ നല്‍കിയില്ല. അഞ്ചു ബാറ്റര്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി. 

സ്‌കോട്ട്‌ലന്റിനായി റിച്ചി ബെറിങ്ടണ്‍ അര്‍ധ സെഞ്ചുറി കണ്ടെത്തി. 49 പന്തില്‍ ആറു ഫോറിന്റേയും മൂന്ന് സിക്‌സിന്റേയും സഹായത്തോടെ റിച്ചി 70 റണ്‍സ് നേടി. 36 പന്തില്‍ 45 റണ്‍സോടെ മാത്യു ക്രോസ് റിച്ചിക്ക് പിന്തുണ നല്‍കി. പാപ്പുവ ന്യൂ ഗിനിയക്കായി കബൗ മോറിയ നാലും ചാദ് സോപര്‍ മൂന്നും വിക്കറ്റ് വീഴ്ത്തി. 

രണ്ട് വിജയത്തോടെ നാല് പോയിന്റുമായി ഗ്രൂപ്പ് എയില്‍ ഒന്നാമതാണ് സ്‌കോട്ട്‌ലന്റ്. രണ്ടിലും തോറ്റ പാപ്പുവ ന്യൂ ഗിനിയ അവസാന സ്ഥാനത്താണ്. ആദ്യ മത്സരത്തില്‍ സ്‌കോട്ട്‌ലന്റ് ബംഗ്ലാദേശിനെ അട്ടിമറിച്ചിരുന്നു.

Content Highlights: ICC T20 World Cup Cricket Papua New Guinea vs Scotland