ഷാര്‍ജ: ട്വന്റി 20 ലോകകപ്പ് യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെതിരേ അനായാസ ജയവുമായി ശ്രീലങ്ക. 

ഗ്രൂപ്പ് എയില്‍ നടന്ന മത്സരത്തില്‍ എട്ടു വിക്കറ്റിനാണ് ലങ്ക, നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്തത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ നെതര്‍ലന്‍ഡ്‌സ് വെറും 10 ഓവറില്‍ 44 റണ്‍സിന് ഓള്‍ഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്ക 7.1 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 

24 പന്തില്‍ നിന്ന് ആറു ഫോറടക്കം 33 റണ്‍സെടുത്ത കുശാല്‍ പെരേരയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. അവിഷ്‌ക ഫെര്‍ണാണ്ടോ രണ്ടു റണ്‍സുമായി പുറത്താകാതെ നിന്നു. പഥും നിസ്സങ്ക (0), ചരിത് അസലങ്ക (6) എന്നിവരാണ് പുറത്തായ താരങ്ങള്‍. 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ നെതര്‍ലന്‍ഡ്‌സിനെ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ വാനിഡു ഹസരംഗ, ലഹിരു കുമാര, രണ്ടു വിക്കറ്റ് വീഴ്ത്തിയ മഹീഷ് തീക്ഷണ എന്നിവര്‍ ചേര്‍ന്നാണ് 44 റണ്‍സില്‍ എറിഞ്ഞിട്ടത്. 

നെതര്‍ലന്‍ഡ്‌സ് നിരയില്‍ അക്കെര്‍മാന്‍ (11) മാത്രമാണ് രണ്ടക്കം കണ്ടത്. 

യോഗ്യതാ റൗണ്ടില്‍ മൂന്ന് മത്സരങ്ങളും ജയിച്ചാണ് ലങ്ക സൂപ്പര്‍ 12 ബര്‍ത്ത് ഉറപ്പാക്കിയത്. ലങ്കയ്‌ക്കൊപ്പം നമീബിയയാണ് ഗ്രൂപ്പ് എയില്‍ നിന്ന് സൂപ്പര്‍ 12-ല്‍ കടന്ന രണ്ടാമത്തെ ടീം.

Content Highlights: icc t20 world cup 2021 sri lanka beat netherlands