ദുബായ്: ട്വന്റി 20 ലോകകപ്പിലെ ആവേശകരമായ രണ്ടാം സെമിയില്‍ പാകിസ്താനെ അഞ്ചു വിക്കറ്റിന് തകര്‍ത്ത് ഓസ്‌ട്രേലിയ ഫൈനലില്‍. ഒരു ഘട്ടത്തില്‍ തോല്‍വി മുന്നില്‍കണ്ട ഓസീസിനെ ആറാം വിക്കറ്റില്‍ ഒന്നിച്ച മാര്‍ക്കസ് സ്റ്റോയ്‌നിസ് - മാത്യു വെയ്ഡ് സഖ്യമാണ് വിജയത്തിലെത്തിച്ചത്.

പാകിസ്താന്‍ ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യം ആറു പന്തുകള്‍ ശേഷിക്കേ ഓസ്‌ട്രേലിയ മറികടന്നു. നവംബര്‍ 14-ന് നടക്കുന്ന ഫൈനലില്‍ ഓസീസ്, ന്യൂസീലന്‍ഡിനെ നേരിടും. 

ഒരു ഘട്ടത്തില്‍ അഞ്ചിന് 96 റണ്‍സെന്ന നിലയില്‍ തോല്‍വി മുന്നില്‍ കണ്ട ഓസീസിന് ആറാം വിക്കറ്റില്‍ 81 റണ്‍സ് കൂട്ടിച്ചേര്‍ത്ത മാര്‍ക്കസ് സ്റ്റോയ്‌നിസ് - മാത്യു വെയ്ഡ് സഖ്യമാണ് അവിശ്വസനീയ ജയം സമ്മാനിച്ചത്. 

സ്റ്റോയ്‌നിസ് 31 പന്തില്‍ നിന്ന് 2 സിക്‌സും 2 ഫോറുമടക്കം 40 റണ്‍സോടെയും വെയ്ഡ് 17 പന്തില്‍ നിന്ന് നാലു സിക്‌സും രണ്ടു ഫോറുമടക്കം 41 റണ്‍സോടെയും പുറത്താകാതെ നിന്നു. ഷഹീന്‍ ഷാ അഫ്രീദി എറിഞ്ഞ 19-ാം ഓവറില്‍ മൂന്ന് സിക്‌സറുകള്‍ നേടിയ വെയ്ഡാണ് ഓസീസിന് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. 

നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്ത ഷതാബ് ഖാന്‍ പാകിസ്താനായി തിളങ്ങി. ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നീ നിര്‍ണായക വിക്കറ്റുകളാണ് ഷതാബ് വീഴ്ത്തിയത്. ട്വന്റി 20 ലോകകപ്പ് സെമിയില്‍ ഒരു താരത്തിന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണിത്.

177 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് മൂന്നാം പന്തില്‍ തന്നെ തിരിച്ചടിയേറ്റു. ഷഹീന്‍ അഫ്രീദിയുടെ പന്തില്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് (0) പുറത്ത്. എന്നാല്‍ പിന്നീട് ഡേവിഡ് വാര്‍ണറും മിച്ചല്‍ മാര്‍ഷും ഒന്നിച്ചതോടെ ഓസീസ് സ്‌കോര്‍ കുതിച്ചു. 

രണ്ടാം വിക്കറ്റില്‍ 51 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഈ സഖ്യം പാകിസ്താനെ പ്രതിരോധത്തിലാക്കി. എന്നാല്‍ 22 പന്തില്‍ നിന്ന് ഒരു സിക്‌സും മൂന്ന് ഫോറുമടക്കം 28 റണ്‍സെടുത്ത മാര്‍ഷിനെ മടക്കി ഷതാബ് ഖാന്‍ പാകിസ്താന് ബ്രേക്ക്ത്രൂ സമ്മാനിച്ചു. 

തുടര്‍ന്ന് ക്രീസിലെത്തിയ സ്റ്റീവ് സ്മിത്തിന് അഞ്ചു റണ്‍സ് മാത്രമേ നേടാനായുള്ളൂ. എന്നാല്‍ 11-ാം ഓവറിലാണ് പാകിസ്താന് നിര്‍ണായകമായ വിക്കറ്റ് ലഭിക്കുന്നത്. 30 പന്തുകള്‍ നേരിട്ട് മൂന്ന് വീതം സിക്‌സും ഫോറുമടക്കം 49 റണ്‍സെടുത്ത വാര്‍ണറെ ഷതാബ് മടക്കി. വാര്‍ണറെ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന്‍ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. എന്നാല്‍ പന്ത് വാര്‍ണറുടെ ബാറ്റില്‍ തട്ടിയിരുന്നില്ലെന്ന് റീപ്ലേകളില്‍ വ്യക്തമായിരുന്നു. പക്ഷേ താരം റിവ്യൂ എടുക്കാതിരുന്നതോടെ പാകിസ്താന്‍ നിര്‍ണയകമായ വിക്കറ്റ് സ്വന്തമാക്കുകയായിരുന്നു. പിന്നാലെ കൂറ്റനടികളുമായി വെല്ലുവിളിയായേക്കാമായിരുന്ന ഗ്ലെന്‍ മാക്‌സ്‌വെല്ലിനെയും (7) ഷതാബ് വീഴ്ത്തിയതോടെ ഓസീസ് പ്രതിരോധത്തിലായി. 

പക്ഷേ തുടര്‍ന്ന് സ്റ്റോയ്‌നിസും വെയ്ഡും ക്രീസിലൊന്നിച്ചതോടെ കഥമാറി. തുടക്കത്തില്‍ ശ്രദ്ധയോടെ സ്‌കോര്‍ ചെയ്ത ഇരുവരും പിന്നീട് കത്തിക്കയറുകയായിരുന്നു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാക് നിര നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തിരുന്നു.

മുഹമ്മദ് റിസ്വാന്‍, ഫഖര്‍ സമാന്‍, ക്യാപ്റ്റന്‍ ബാബര്‍ അസം എന്നിവരുടെ ഇന്നിങ്‌സുകളാണ് പാകിസ്താനെ മികച്ച സ്‌കോറിലെത്തിച്ചത്.

52 പന്തില്‍ നിന്ന് നാലു സിക്‌സും മൂന്ന് ഫോറുമടക്കം 67 റണ്‍സെടുത്ത മുഹമ്മദ് റിസ്വാനാണ് ടീമിന്റെ ടോപ് സ്‌കോറര്‍. ടൂര്‍ണമെന്റില്‍ താരത്തിന്റെ മൂന്നാം അര്‍ധ സെഞ്ചുറിയായിരുന്നു ഇത്. ഇന്നിങ്‌സിന്റെ തുടക്കത്തില്‍ രണ്ടു തവണ ഓസീസ് ഫീല്‍ഡര്‍മാര്‍ റിസ്വാന്റെ ക്യാച്ച് നഷ്ടപ്പെടുത്തിയിരുന്നു.

എന്നാല്‍ റിസ്വാനേക്കാള്‍ ഓസീസ് ബൗളര്‍മാരെ വെള്ളംകുടിപ്പിച്ചത് ഫഖര്‍ സമാനായിരുന്നു. 32 പന്തുകള്‍ നേരിട്ട താരം നാലു സിക്‌സും മൂന്ന് ഫോറുമടക്കം 55 റണ്‍സോടെ പുറത്താകാതെ നിന്നു. സമാന്റെ ക്യാച്ച് സ്റ്റീവ് സ്മിത്ത് നഷ്ടപ്പെടുത്തിയതിന് ഓസീസിന് അവസാന ഓവറുകളില്‍ വലിയ വിലകൊടുക്കേണ്ടി വന്നു.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്താനായി ഓപ്പണര്‍മാരായ ബാബര്‍ അസമും മുഹമ്മദ് റിസ്വാനും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. 10 ഓവറില്‍ ഇരുവരും ചേര്‍ന്ന് 71 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 34 പന്തില്‍ നിന്ന് അഞ്ച് ഫോറടക്കം 39 റണ്‍സെടുത്ത ബാബറിനെ മടക്കി ആദം സാംപയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 

എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഫഖര്‍ സമാനെ കൂട്ടുപിടിച്ച് റിസ്വാന്‍ സ്‌കോര്‍ ഉയര്‍ത്തി. 72 റണ്‍സാണ് ഈ കൂട്ടുകെട്ട് പാകിസ്താന്‍ സ്‌കോറിലേക്ക് ചേര്‍ത്തത്. 18-ാം ഓവറില്‍ റിസ്വാനെ മടക്കി മിച്ചല്‍ സ്റ്റാര്‍ക്കാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 

തൊട്ടുപിന്നാലെ വമ്പനടിക്കാരന്‍ ആസിഫ് അലിയെ (0) പാറ്റ് കമ്മിന്‍സ് മടക്കി. തുടര്‍ന്നെത്തിയ ഷുഐബ് മാലിക്കിനും (1) തിളങ്ങാനായില്ല. എന്നാല്‍ തുടക്കത്തിലെ മെല്ലെപ്പോക്ക് മറികടന്ന് ഡെത്ത് ഓവറുകളില്‍ തകര്‍ത്തടിച്ച സമാനാണ് പാകിസ്താനെ 176 റണ്‍സിലെത്തിച്ചത്.  

ഓസീസിനായി സ്റ്റാര്‍ക്ക് 2 വിക്കറ്റ് വീഴ്ത്തി. പാറ്റ് കമ്മിന്‍സും ആദം സാംപയും ഓരോ വിക്കറ്റ് വീതമെടുത്തു.

നേരത്തെ ടോസ് നേടിയ ഓസ്‌ട്രേലിയ, പാകിസ്താനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇരു ടീമുകളും മാറ്റങ്ങളില്ലാതെയാണ് കളത്തിലിറങ്ങിയത്.

മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...

Content Highlights: icc t20 world cup 2021 pakistan vs australia second semi final live updates