ദുബായ്: ട്വന്റി 20 ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ നമീബിയക്കെതിരേ ഇന്ത്യയ്ക്ക് ഒമ്പത് വിക്കറ്റ് ജയം. 

നമീബിയ ഉയര്‍ത്തിയ 133 റണ്‍സ് വിജയലക്ഷ്യം 15.2 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. 

അര്‍ധ സെഞ്ചുറി നേടിയ രോഹിത് ശര്‍മയും കെ.എല്‍ രാഹുലും ഇന്ത്യയ്ക്കായി തിളങ്ങി. 

രോഹിത് 37 പന്തില്‍ നിന്ന് രണ്ടു സിക്‌സും ഏഴ് ഫോറുമടക്കം 56 റണ്‍സെടുത്തു. 36 പന്തുകള്‍ നേരിട്ട രാഹുല്‍ രണ്ട് സിക്‌സും നാല് ഫോറുമടക്കം 54 റണ്‍സോടെ പുറത്താകാതെ നിന്നു.

ഇരുവരും ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ 86 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. സൂര്യകുമാര്‍ യാദവ് 19 പന്തില്‍ നിന്ന് 25 റണ്‍സോടെ പുറത്താകാതെ നിന്നു.

നേരത്തെ ടൂര്‍ണമെന്റില്‍ നിന്ന് ഇന്ത്യ സെമി കാണാതെ പുറത്തായിരുന്നു. ആദ്യ മത്സരത്തില്‍ പാകിസ്താനോടും രണ്ടാം മത്സരത്തില്‍ ന്യൂസീലന്‍ഡിനോടും നേരിട്ട തോല്‍വികളാണ് ഇന്ത്യയ്ക്ക് വിനയായത്. 

മാത്രമല്ല ഇന്ത്യയുടെ ട്വന്റി 20 ക്യാപ്റ്റനെന്ന നിലയില്‍ വിരാട് കോലിയുടെ അവസാന മത്സരം കൂടിയായിരുന്നു ഇത്. ലോകകപ്പിനു ശേഷം ട്വന്റി 20 ടീമിന്റെ നായക സ്ഥാനം ഒഴിയുമെന്ന് കോലി നേരത്തെ പ്രഖ്യാപിച്ചിരുന്നു. കോച്ച് രവി ശാസ്ത്രിക്കും ടീമിനൊപ്പമുള്ള അവസാന മത്സരമായിരുന്നു ഇത്. ലോകകപ്പോടെ ശാസ്ത്രി ടീമിന്റെ പരിശീലക സ്ഥാനം ഒഴിയുകയാണ്. പുതിയ പരിശീലകനായി രാഹുല്‍ ദ്രാവിഡിനെ ബിസിസിഐ പ്രഖ്യാപിച്ചിരുന്നു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ നമീബിയ നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുത്തിരുന്നു.

മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ രവീന്ദ്ര ജഡേജയും ആര്‍. അശ്വിനും ഇന്ത്യയ്ക്കായി തിളങ്ങി. നാല് ഓവറില്‍ 16 റണ്‍സ് മാത്രം വഴങ്ങിയാണ് ജഡേജ മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. അശ്വിന്‍ നാല് ഓവറില്‍ 20 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ജസ്പ്രീത് ബുംറ രണ്ടു വിക്കറ്റ് വീഴ്ത്തി.

25 പന്തില്‍ നിന്ന് രണ്ടു ബൗണ്ടറിയടക്കം 26 റണ്‍സെടുത്ത ഡേവിഡ് വീസാണ് നമീബിയയുടെ ടോപ് സ്‌കോറര്‍.

സ്റ്റീഫന്‍ ബാര്‍ഡ് (21), മൈക്കല്‍ വാന്‍ ലിംഗെന്‍ (14), ക്യാപ്റ്റന്‍ ജെര്‍ഹാര്‍ഡ് എറാസ്മസ് (12), ജാന്‍ ഫ്രൈലിങ്ക് (15*), റൂബന്‍ ട്രംപല്‍മാന്‍ (13*) എന്നിവരാണ് വീസിനെ കൂടാതെ നമീബിയന്‍ നിരയില്‍ രണ്ടക്കം കടന്നവര്‍.

ക്രെയ്ഗ് വില്യംസ് (0), ലോഫ്റ്റി ഈറ്റണ്‍ (5), ജെ.ജെ സ്മിത്ത് (9), സെയ്ന്‍ ഗ്രീന്‍ (0) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.

നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ ടീമില്‍ വരുണ്‍ ചക്രവര്‍ത്തിക്ക് പകരം രാഹുല്‍ ചാഹര്‍ ഇടംപിടിച്ചു.

മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...

Content Highlights: icc t20 world cup 2021 india vs namibia Live updates