ദുബായ്: ട്വന്റി 20 ലോകകപ്പില്‍ ശനിയാഴ്ച നടന്ന രണ്ടാം മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെതിരേ ഇംഗ്ലണ്ടിന് ആറു വിക്കറ്റ് ജയം.

വിന്‍ഡീസ് ഉയര്‍ത്തിയ 56 റണ്‍സ് വിജയലക്ഷ്യം 8.2 ഓവറില്‍ ഇംഗ്ലണ്ട് മറികടന്നു. പക്ഷേ 4 വിക്കറ്റുകള്‍ നഷ്ടമായി. 

24 റണ്‍സെടുത്ത ജോസ് ബട്ട്‌ലറാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ ഏഴു റണ്‍സോടെ പുറത്താകാതെ നിന്നു. 

ജേസണ്‍ റോയ് (11), ജോണി ബെയര്‍സ്‌റ്റോ (9), മോയിന്‍ അലി (3), ലിയാം ലിവിങ്‌സ്റ്റണ്‍ (1) എന്നിവരാണ് പുറത്തായ ഇംഗ്ലണ്ട് ബാറ്റര്‍മാര്‍.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് നിര 14.2 ഓവറില്‍ 55 റണ്‍സിന് കൂടാരം കയറി. രാജ്യാന്തര ട്വന്റി 20-യിലെ രണ്ടാമത്തെ ഏറ്റവും ചെറിയ സ്‌കോറാണിത്. ട്വന്റി 20 ലോകകപ്പിലെ ഏറ്റവും ചെറിയ സ്‌കോറും. 

ഒരു വിന്‍ഡീസ് ബാറ്റ്‌സ്മാന് പോലും ഇംഗ്ലണ്ട് ബൗളിങ് നിരയ്‌ക്കെതിരേ പിടിച്ചുനില്‍ക്കാനായില്ല. 13 പന്തില്‍ നിന്ന് 13 റണ്‍സെടുത്ത ക്രിസ് ഗെയ്ല്‍ മാത്രമാണ് വിന്‍ഡീസ് നിരയില്‍ രണ്ടക്കം കടന്ന താരം.

ലെന്‍ഡല്‍ സിമണ്‍സ് (3), എവിന്‍ ലൂയിസ് (6), ഷിംറോണ്‍ ഹെറ്റ്മയര്‍ (9), ഡ്വെയ്ന്‍ ബ്രാവോ (5), നിക്കോളാസ് പുരന്‍ (1), കിറോണ്‍ പൊള്ളാര്‍ഡ് (6), ആന്ദ്രേ റസ്സല്‍ (0) തുടങ്ങിയ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരെല്ലാം തന്നെ ചെറിയ ചെറുത്തുനില്‍പ് പോലുമില്ലാതെ കീഴടങ്ങി. 

ഇംഗ്ലണ്ടിനായി ആദില്‍ റഷീദ് 2.2 ഓവറില്‍ വെറും രണ്ടു റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. മോയിന്‍ അലി, ടൈമല്‍ മില്‍സ് എന്നിവര്‍ രണ്ടു വിക്കറ്റെടുത്തു. 

നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...

Content Highlights: icc t20 world cup 2021 england against west indies live updates