ഷാര്‍ജ: ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ 12 മത്സരത്തില്‍ ബംഗ്ലാദേശിനെ ആറുവിക്കറ്റിന് തകര്‍ത്ത് ശ്രീലങ്ക. ബംഗ്ലാദേശ് ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ശ്രീലങ്ക ഏഴുപന്തുകള്‍ ശേഷിക്കേ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി. തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത് അര്‍ധസെഞ്ചുറി നേടി പിടിച്ചുനിന്ന ചരിത് അസലങ്കയും ഭനുക രജപക്‌സയുമാണ് ശ്രീലങ്കയെ വിജയത്തിലേക്ക് നയിച്ചത്.അസലങ്ക 80 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. രജപക്‌സ 53 റണ്‍സ് നേടി. സ്‌കോര്‍: ബംഗ്ലാദേശ് 20 ഓവറില്‍ നാലിന് 171. ശ്രീലങ്ക 18.5 ഓവറില്‍ അഞ്ചിന് 172.

ഒരു ഘട്ടത്തില്‍ 79 റണ്‍സിന് നാലുവിക്കറ്റ് എന്ന നിലയില്‍ തകര്‍ന്ന ശ്രീലങ്കയെ അസലങ്കയും രജപക്‌സയും ചേര്‍ന്ന് രക്ഷിക്കുകയായിരുന്നു. ഇന്നിങ്‌സിന്റെ തുടക്കം തൊട്ട് ഒടുക്കം വരെ വീരോചിതമായി പൊരുതിയ അസലങ്കയാണ് ശ്രീലങ്കയക്ക് ഈ വിജയം സമ്മാനിച്ചത്. തകര്‍പ്പന്‍ ഇന്നിങ്‌സാണ് താരം കാഴ്ചവെച്ചത്. 

172 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് തുടക്കത്തില്‍ തന്നെ പിഴച്ചു. വിശ്വസ്തനായ കുശാല്‍ പെരേരയെ ആദ്യ ഓവറില്‍ തന്നെ ടീമിന് നഷ്ടമായി. നാലാം പന്തില്‍ സ്വീപ്പ് ഷോട്ടിന് ശ്രമിച്ച പെരേരയെ നസും അഹമ്മദ് ക്ലീന്‍ ബൗള്‍ഡാക്കി. വെറും ഒരു റണ്‍ മാത്രമാണ് താരത്തിന് നേടാനായത്. 

പെരേരയ്ക്ക് പകരം ചരിത് അസലങ്ക ക്രീസിലെത്തി. രണ്ട് സിക്‌സുകള്‍ നേടിക്കൊണ്ട് അസലങ്ക വരവറിയിച്ചു. അസലങ്ക ആക്രമിച്ച് കളിച്ചപ്പോള്‍ നിസങ്ക അതിനുവേണ്ട എല്ലാ പിന്തുണയും നല്‍കി. പതിയെ നിസങ്കയും ആക്രമിച്ച് കൡക്കാന്‍ തുടങ്ങിയതോടെ ബംഗ്ലാദേശ് അപകടം മണത്തു. 5.4 ഓവറില്‍ ടീം സ്‌കോര്‍ 50 കടന്നു. പിന്നാലെ അസലങ്കയും നിസങ്കയും അര്‍ധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 

ബാറ്റിങ് പവര്‍പ്ലേയില്‍ ശ്രീലങ്ക ഒരു വിക്കറ്റ് നഷ്ടത്തില്‍ 54 റണ്‍സെടുത്തു. എട്ടോവറില്‍ നിസ്സങ്കയും അസലങ്കയും ചേര്‍ന്ന് ടീം സ്‌കോര്‍ 71-ല്‍ എത്തിച്ചു. എന്നാല്‍ ഒന്‍പതാം ഓവറില്‍ ഷാക്കിബ് അല്‍ ഹസ്സന്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. 21 പന്തുകളില്‍ നിന്ന് 24 റണ്‍സെടുത്ത നിസ്സങ്കയെ ക്ലീന്‍ ബൗള്‍ഡാക്കി ഷാക്കിബ് ശ്രീലങ്കയയ്ക്ക് പ്രഹരമേല്‍പ്പിച്ചു. 

നിസ്സങ്കയ്ക്ക് പകരം ക്രീസിലെത്തിയ ആവിഷ്‌ക ഫെര്‍ണാണ്ടോയെ അതേ ഓവറില്‍ തന്നെ ക്ലീന്‍ ബൗള്‍ഡാക്കി ഷാക്കിബ് ശ്രീലങ്കയ്ക്ക് ഇരട്ട പ്രഹരമേല്‍പ്പിച്ചു. റണ്‍സൊന്നുമെടുക്കാതെ ഫെര്‍ണാണ്ടോ മടങ്ങി. ഇതോടെ ശ്രീലങ്ക പരുങ്ങലിലായി. 

പിന്നാലെ വന്ന ഹസരംഗയ്ക്കും പിടിച്ചുനില്‍ക്കാനായില്ല. ആറ് റണ്‍സ് മാത്രമെടുത്ത താരത്തെ മുഹമ്മദ് സെയ്ഫുദ്ദീന്‍ നയീമിന്റെ കൈയ്യിലെത്തിച്ചു. ഇതോടെ ശ്രീലങ്ക 79 ന് നാല് എന്ന നിലയിലേക്ക് വീണു. ഹസരംഗയ്ക്ക് പകരം ഭനുക രജപക്‌സ ക്രീസിലെത്തി

ഒരറ്റത്ത് തുടര്‍ച്ചയായി വിക്കറ്റുകള്‍ വീഴുമ്പോഴും തളരാതെ പിടിച്ചുനിന്ന അസലങ്ക അര്‍ധസെഞ്ചുറി നേടി. 32 പന്തുകളില്‍ നിന്നാണ് താരം അര്‍ധശതകത്തിലെത്തിയത്. 13 ഓവറില്‍ ടീം സ്‌കോര്‍ 100 കടന്നു. 

മഹ്മദുള്ള എറിഞ്ഞ 14-ാം ഓവറില്‍ രണ്ട് സിക്‌സ് നേടിക്കൊണ്ട് അസലങ്ക സമ്മര്‍ദം കുറച്ചു. രജപക്‌സയും നന്നായി കളിക്കാന്‍ തുടങ്ങിയതോടെ ശ്രീലങ്ക വിജയപ്രതീക്ഷ പുലര്‍ത്തി. അസലങ്കയെയും രജപക്‌സയെയും പുറത്താക്കാനുള്ള അവസരം ലിട്ടണ്‍ ദാസ് പാഴാക്കി. രണ്ട് ക്യാച്ചുകളും താരം കൈവിട്ടു. ഇത് മത്സരത്തില്‍ നിര്‍ണായകമായി. 

സെയ്ഫുദ്ദീന്‍ എറിഞ്ഞ 16-ാം ഓവറില്‍ രണ്ട് സിക്‌സും രണ്ട് ഫോറുമടിച്ച് രജപക്‌സ കൊടുങ്കാറ്റായി മാറി. ഈ ഓവറില്‍ 22 റണ്‍സാണ് പിറന്നത്. ഈ ഓവര്‍ കളിയുടെ ഗതി മാറ്റി. തൊട്ടടുത്ത ഓവറില്‍ ശ്രീലങ്ക 150 മറികടന്ന് വിജയമുറപ്പിച്ചു.

പിന്നാലെ രജപക്‌സ അര്‍ധശതകം നേടി. 28 പന്തുകളില്‍ നിന്നാണ് താരം അര്‍ധസെഞ്ചുറി കുറിച്ചത്. പക്ഷേ രജപക്‌സയ്ക്ക് ടീമിനെ വിജയത്തിലെത്തിക്കാനായില്ല. നസും അഹമ്മഗ് എറിഞ്ഞ 19-ാം ഓവറില്‍ താരം ക്ലീന്‍ ബൗള്‍ഡായി. 31 പന്തുകളില്‍ നിന്ന് മൂന്ന് വീതം സിക്‌സിന്റെയും ഫോറിന്റെയും അകമ്പടിയോടെ 53 റണ്‍സെടുത്താണ് താരം ക്രീസ് വിട്ടത്. 

പിന്നാലെ നായകന്‍ ഡാസണ്‍ ശനക ക്രീസിലെത്തി. ശനയെ കൂട്ടുപിടിച്ച് അസലങ്ക ശ്രീലങ്കയെ വിജയത്തിലെത്തിച്ചു. അസലങ്ക 49 പന്തുകളില്‍ നിന്ന് അഞ്ച് വീതം സിക്‌സിന്റെയും ഫോറിന്റെയും അകമ്പടിയോടെ 80 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ശനക ഒരു റണ്‍സെടുത്തു.

ബംഗ്ലാദേശിനുവേണ്ടി നസും അഹമ്മദ്, ഷാക്കിബ് അല്‍ ഹസ്സന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മുഹമ്മദ് സെയ്ഫുദ്ദീന്‍ ഒരു വിക്കറ്റ് നേടി.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തു.

62 റണ്‍സെടുത്ത ഓപ്പണര്‍ നയീം ഷെയ്ഖിന്റെയും 57 റണ്‍സെടുത്ത് പുറത്താവാതെ നിന്ന മുഷ്ഫിഖുര്‍ റഹീമിന്റെയും തകര്‍പ്പന്‍ ബാറ്റിങ്ങാണ് ബംഗ്ലാദേശിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് വേണ്ടി നയീം ഷെയ്ഖ് ലിട്ടണ്‍ ദാസുമാണ് ഓപ്പണ്‍ ചെയ്തത്. ആദ്യ ഓവറുകളില്‍ ശ്രദ്ധയോടെ കളിച്ച ഇരുവരും പതിയേ സ്‌കോര്‍ ഉയര്‍ത്താന്‍ തുടങ്ങി. ആദ്യ വിക്കറ്റില്‍ ഇരുവരും 40 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അഞ്ചാം ഓവറിലെ അഞ്ചാം പന്തില്‍ ലിട്ടണ്‍ ദാസിനെ മടക്കി ലാഹിരു കുമാര ബംഗ്ലാദേശിന് പ്രഹരമേല്‍പ്പിച്ചു. 

ബൗണ്ടറിയടിക്കാന്‍ ശ്രമിച്ച ദാസിന്റെ ഷോട്ട് ശനക കൈയ്യിലൊതുക്കി. 16 പന്തുകളില്‍ നിന്ന് 16 റണ്‍സാണ് താരം നേടിയത്. ദാസിന് പകരം ഷാക്കിബ് അല്‍ ഹസ്സന്‍ ക്രീസിലെത്തി. 6.3 ഓവറില്‍ ടീം സ്‌കോര്‍ 50 കടന്നു. 

ബൗണ്ടറിയടിച്ചുകൊണ്ട് തുടങ്ങിയെങ്കിലും ഷാക്കിബിന് പിടിച്ചുനില്‍ക്കാനായില്ല. എട്ടാം ഓവറില്‍ താരത്തെ ബൗള്‍ഡാക്കി ചമിര കരുണരത്‌നെ ബംഗ്ലാദേശിന്റെ രണ്ടാം വിക്കറ്റ് പിഴുതെടുത്തു. 10 റണ്‍സ് മാത്രമാണ് ഷാക്കിബിന് നേടാനായത്. ഷാക്കിബിന് പകരം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഷ്ഫിഖുര്‍ റഹീമാണ് ക്രീസിലെത്തിയത്. ആദ്യ പത്തോവറില്‍ ബംഗ്ലാദേശ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 72 റണ്‍സെടുത്തു. 

മുഷ്ഫിഖുര്‍ ആക്രമിച്ച് കളിക്കാന്‍ ആരംഭിച്ചതോടെ ബംഗ്ലാദേശ് സ്‌കോര്‍ ഉയര്‍ന്നു. 13.4 ഓവറില്‍ ടീം 100 കടന്നു. ഒപ്പം നയിം അര്‍ധസെഞ്ചുറിയും നേടി. 45 പന്തുകളില്‍ നിന്നാണ് താരം അര്‍ധസെഞ്ചുറി പൂര്‍ത്തീകരിച്ചത്. 

എന്നാല്‍ ടീം സ്‌കോര്‍ 129-ല്‍ നില്‍ക്കേ അര്‍ധസെഞ്ചുറിയുമായി മികച്ച പ്രകടനം പുറത്തെടുത്ത നയീമിനെ മടക്കി ബിനുര ഫെര്‍ണാണ്ടോ ശ്രീലങ്കയ്ക്ക് ആശ്വാസം പകര്‍ന്നു. 52 പന്തുകളില്‍ നിന്ന് ആറ് ബൗണ്ടറികളുടെ സഹായത്തോടെ 62 റണ്‍സെടുത്ത നയീമിനെ ഫെര്‍ണാണ്ടോ തന്നെ ക്യാച്ചെടുത്ത് പുറത്താക്കി. നയീമിന് പകരം അഫീഫ് ഹൊസ്സൈന്‍ ക്രീസിലെത്തി. 

18 ഓവറില്‍ ബംഗ്ലാദേശ് 150 റണ്‍സ് മറികടന്നു. പിന്നാലെ മുഷ്ഫിഖുര്‍ അര്‍ധശതകം കണ്ടെത്തി. 32 പന്തുകളില്‍ നിന്നാണ് താരം അര്‍ധശതകത്തിലെത്തിയത്. പുതുതായി ക്രീസിലെത്തിയ അഫീഫിനും പിടിച്ചുനില്‍ക്കാനായില്ല. വെറും ഏഴ് റണ്‍സ് മാത്രമെടുത്ത താരത്തെ കുമാര റണ്‍ ഔട്ടാക്കി. 

അഫീഫിന് പകരം നായകന്‍ മഹ്മദുള്ളയാണ് ക്രീസിലെത്തിയത്. അവസാന ഓവറുകളില്‍ വേണ്ടത്ര റണ്‍സെടുക്കാന്‍ ബംഗ്ലാദേശിന് സാധിച്ചില്ല. മുഷ്ഫിഖുര്‍ 37 പന്തുകളില്‍ നിന്ന് 57 റണ്‍സെടുത്തും മഹ്മദുള്ള 10 റണ്‍സ് നേടിയും പുറത്താവാതെ നിന്നു. 

ശ്രീലങ്കയ്ക്ക് വേണ്ടി ചമിക കരുണരത്‌നെ, ബിനുര ഫെര്‍ണാണ്ടോ, ലാഹിരു കുമാര എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...

Content Highlights: Bangladesh vs Srilanka T20 World Cup 2021