മസ്‌കറ്റ്: ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തില്‍ ഒമാനെ തോല്‍പ്പിച്ച് ബംഗ്ലാദേശ്. 26 റണ്‍സിനാണ് ബംഗ്ലാദേശിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഉയര്‍ത്തിയ 154 റണ്‍സ് പിന്തുടര്‍ന്ന ഒമാന് നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സ് എടുക്കാനെ സാധിച്ചുള്ളു. 

സ്‌കോര്‍: ബംഗ്ലാദേശ്- 20 ഓവറില്‍ 153/10. ഒമാന്‍- 20 ഓവറില്‍ 127/9. 

മികച്ച തുടക്കം ലഭിച്ചെങ്കിലും മധ്യ ഓവറുകളില്‍ തുടരെ വിക്കറ്റുകള്‍ നഷ്ടമായതാണ് ഒമാന് തിരിച്ചടിയായത്. 33 പന്തില്‍ 40 റണ്‍സ് നേടിയ ജതീന്ദര്‍ സിങ്ങാണ് ഒമാന്‍ നിരയിലെ ടോപ് സ്‌കോറര്‍. കശ്യപ് പ്രജാപതി 18 പന്തില്‍ 21 റണ്‍സെടുത്തു. ഒമാന്‍ നിരയിലെ മറ്റാര്‍ക്കും ക്രീസില്‍ നിലയുറപ്പിക്കാനായില്ല. നാല് വിക്കറ്റ് വീഴ്ത്തിയ മുസ്തഫിസുര്‍ റഹ്‌മാനും മൂന്ന് വിക്കറ്റെടുത്ത ഷക്കീബ് അല്‍ ഹസനുമാണ് ഒമാനെ പിടിച്ചുകെട്ടി ബംഗ്ലാദേശിന് വിജയമൊരുക്കിയത്. മുഹമ്മദ് സയ്ഫുദ്ദീനും ഹസനും ഓരോ വിക്കറ്റ് വീതവും വിഴ്ത്തി. 

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ അര്‍ധസെഞ്ച്വറി നേടിയ മുഹമ്മദ് നയീമും (50 പന്തില്‍ 64 റണ്‍സ്) ഷക്കീബ് അല്‍ ഹസനുമാണ് (29 പന്തില്‍ 42 റണ്‍സ്) ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. നായകന്‍ മഹമ്മദുള്ള 10 പന്തില്‍ 17 റണ്‍സും നേടി. എട്ട് ബാറ്റ്‌സ്മാന്‍മാര്‍ രണ്ടക്കം പോലും കാണാതെ പുറത്തായി. ഒമാനായി ബിലാല്‍ ഖാനും ഫയാസ് ബട്ടും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. കലീമുള്ള രണ്ട് വിക്കറ്റും സീഷാന്‍ മഖ്‌സൂദ് ഒരുവിക്കറ്റും നേടി.

യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശ് സ്‌കോട്ട്‌ലാന്റിനോട് പരാജയപ്പെട്ടിരുന്നു. 

content highlights: Bangladesh Defeat Oman By 26 Runs