ലീഡ്‌സ്: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ലോകകപ്പ് മത്സരത്തിനിടെ സെഞ്ചുറിയടിച്ച് റെക്കോഡിട്ടാണ് രോഹിത് ശര്‍മ്മ താരമായതെങ്കില്‍ ഗ്രൗണ്ടിലിറങ്ങാതെ താരമായ കളിക്കാരനാണ് യുസ്‌വേന്ദ്ര ചാഹല്‍. ഇന്ത്യന്‍ സ്പിന്നറുടെ ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. സോഷ്യല്‍ മീഡിയ നിറയെ ഇതുമായി ബന്ധപ്പെട്ടുള്ള ട്രോളുകളാണ്.

ബൗണ്ടറി ലൈനിന് അരികില്‍ വെള്ളക്കുപ്പികളുമായി ഇന്ത്യന്‍ ടീമിലെ പന്ത്രണ്ടാമനായ ചാഹല്‍ വിശ്രമിക്കുന്നതാണ് ചിത്രത്തിലുള്ളത്. പരസ്യ ബോര്‍ഡിലേക്ക് തല ചായ്ച്ച് ഒരു പ്രത്യേക സ്റ്റൈലിലാണ് ചാഹല്‍ കിടക്കുന്നത്. 

തുടര്‍ച്ചയായ മത്സരങ്ങളില്‍ വിക്കറ്റെടുക്കാതിരുന്നാല്‍ ഇതായിരിക്കും അവസ്ഥ എന്നാണ് ഒരു ആരാധകന്‍ ഈ ചിത്രത്തിന് നല്‍കിയ അടിക്കുറിപ്പ്. ഉച്ചസമയത്ത് പലചരക്ക് കടയുടെ മുതലാളിമാര്‍ കിടന്നുറങ്ങുന്നതു പോലെ എന്ന് മറ്റൊരു ആരാധകന്‍ പറയുന്നു. 

മലയാളി ആരാധകര്‍ക്കിടയിലും ഈ ചിത്രം വൈറലാണ്. ജൂനിയര്‍ മാന്‍ഡ്രേക്ക് എന്ന ചിത്രത്തില്‍ ജഗതി ശ്രീകുമാര്‍ റോഡിന് നടുവില്‍ പാ വിരിച്ച് കിടക്കുന്ന സീനുമായാണ് ആരാധകര്‍ ഈ ചിത്രത്തെ താരതമ്യം ചെയ്യുന്നത്. 

ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ ചാഹലിന് കോലി വിശ്രമം അനുവദിക്കുകയായിരുന്നു. പകരം കുല്‍ദീപ് യാദവാണ് കളിച്ചത്.

 

Content Highlights: Yuzvendra Chahal Hilariously trolled For Relaxing Near Boundary