ലണ്ടന്‍: ഇന്ത്യയ്ക്കായി ആറു ലോകകപ്പുകള്‍ കളിച്ച താരമാണ് സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍. ലോകകപ്പുകളുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ്, സെഞ്ചുറികള്‍ എന്നീ റെക്കോഡുകളും സച്ചിന്റെ പേരിലാണ്. 

എന്നാല്‍ ഇപ്പോഴിതാ ഇംഗ്ലണ്ട് ലോകകപ്പില്‍ ക്രിക്കറ്റ് കരിയറിലെ പുതിയൊരു ഇന്നിങ്‌സിനൊരുങ്ങുകയാണ് ഇതിഹാസ താരം. ലോകകപ്പില്‍ ഇന്ന് ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ സച്ചിന്‍ കമന്റേറ്ററായി അരങ്ങേറ്റം കുറിക്കും. ഓവലിലെ കമന്ററി ബോക്‌സില്‍ എക്‌സ്‌പേര്‍ട്ട് പാനലിനൊപ്പം സച്ചിനുമുണ്ടാകും. 

ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30-ന് ആരംഭിക്കുന്ന ഷോയില്‍ 'സച്ചിന്‍ ഓപ്പണ്‍സ് എഗെയ്ന്‍' എന്ന സെഗ്മെന്റില്‍ നമുക്ക് ക്രിക്കറ്റ് ഇതിഹാസത്തെ കാണാം. 

ആറു ലോകകപ്പുകളിലായി 2278 റണ്‍സാണ് സച്ചിന്റെ സമ്പാദ്യം. ഒരു ലോകകപ്പ് ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരമെന്ന റെക്കോഡും (2003-ല്‍ 11 മത്സരങ്ങളില്‍ നിന്ന് 673 റുണ്‍സ്) അദ്ദേഹത്തിന്‍രെ പേരിലാണ്. 2013-ലാണ് അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. 

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും കമന്റേറ്റര്‍മാരുടെ പട്ടികയിലുണ്ട്. സഞ്ജയ് മഞ്ജരേക്കറും ഹര്‍ഷ ഭോഗ്ലെയുമാണ് മറ്റ് ഇന്ത്യന്‍ സാന്നിധ്യം.

Content Highlights: world cup 2019 sachin tendulkar to make his commentary debut