വെല്ലിങ്ടണ്‍: ഏകദിന ലോകകപ്പിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ന്യൂസീലന്‍ഡ്. മേയ് 30-ന് ആരംഭിക്കുന്ന ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിക്കുന്ന ആദ്യ ടീമാണ് കിവീസ്. ബുധനാഴ്ചയാണ് പ്രഖ്യാപനമുണ്ടായത്.

രണ്ടാം വിക്കറ്റ് കീപ്പറായി ടോം ബ്ലന്‍ഡലിനെ ഉള്‍പ്പെടുത്തിയതു മാത്രമാണ് ടീമിലെ പ്രധാന മാറ്റം. കിവീസിനായി രണ്ടു ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച ബ്ലന്‍ഡലിന്റെ ഏകദിന അരങ്ങേറ്റം കൂടിയായേക്കും ഈ ലോകകപ്പ്. ടോം ലാഥമാണ് ടീമിലെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍. കഴിഞ്ഞ മാസം നടന്ന ഒരു ആഭ്യന്തര മത്സരത്തിനിടെ ലാഥമിന്റെ കൈവിരലിന് പൊട്ടലുണ്ടായിരുന്നു. ഇതോടെയാണ് ബ്ലന്‍ഡലിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്.

റോസ് ടെയ്‌ലര്‍ ന്യൂസീലന്‍ഡിനായി നാലാമത്തെ ലോകകപ്പ് കളിക്കാന്‍ പോകുകയാണെന്ന പ്രത്യേകതയുമുണ്ട്. ഈ നേട്ടം കൈവരിക്കുന്ന ഏഴാമത്തെ കിവീസ് താരമാകാനുള്ള തയ്യാറെടുപ്പിലാണ് ടെയ്‌ലര്‍.

കെയ്ന്‍ വില്യംസണ്‍ നയിക്കുന്ന ടീമില്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍, കോളിന്‍ മണ്‍റോ, റോസ് ടെയ്ലര്‍, ഹെന്റി നിക്കോള്‍സ് എന്നിവരാണ് സ്പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്‍മാര്‍.

ട്രെന്‍ഡ് ബോള്‍ട്ട്, മാറ്റ് ഹെന്റി, ലോക്കി ഫെര്‍ഗൂസന്‍, ടിം സൗത്തി എന്നിവരാണ് പേസര്‍മാര്‍. സ്പിന്നര്‍മാരായി മിച്ചല്‍ സാന്റ്‌നറും ഇഷ് സോധിയുമുണ്ട്. കോളിന്‍ ഡി ഗ്രാന്‍ഡ്ഹോമും ജിമ്മി നീഷാമുമാണ് ഓള്‍റൗണ്ടര്‍മാര്‍.

ന്യൂസീലന്‍ഡ് ടീം: കെയ്ന്‍ വില്യംസണ്‍, റോസ് ടെയ്‌ലര്‍, ടോം ലാഥം, ടോം ബ്ലന്‍ഡല്‍, മിച്ചല്‍ സാന്റ്‌നര്‍, കോളിന്‍ ഡി ഗ്രാന്‍ഡ്ഹോം, ലോക്കി ഫെര്‍ഗൂസന്‍, ടിം സൗത്തി, ട്രെന്‍ഡ് ബോള്‍ട്ട്, കോളിന്‍ മണ്‍റോ, ഇഷ് സോധി, ഹെന്റി നിക്കോള്‍സ്, മാര്‍ട്ടിന്‍ ഗുപ്റ്റില്‍, മാറ്റ് ഹെന്റി, ജിമ്മി നീഷാം.

Content Highlights: world cup 2019 new zealand name 15 man world cup 2019 squad