ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോനിയും ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും ഒറ്റയ്ക്ക് മത്സരം ജയിപ്പിക്കാന്‍ കെല്‍പ്പുള്ളവരാണെന്ന് ഹര്‍ഭജന്‍ സിങ്. അതുകൊണ്ടു തന്നെ ലോകകപ്പില്‍ തുടക്കംമുതല്‍ തന്നെ അടിച്ചുകളിക്കാനുള്ള ലൈസന്‍സ് ടീം മാനേജ്‌മെന്റ് ഇരുവര്‍ക്കും കൊടുക്കണമെന്നും ഭാജി ചൂണ്ടിക്കാട്ടി.

ഇന്നിങ്‌സിന്റെ തുടക്കം മുതല്‍ തന്നെ ആക്രമിച്ച് കളിക്കുമ്പോഴാണ് ധോനിയുടെ യഥാര്‍ഥ മികവ് പുറത്തുവരുന്നതെന്നും ഹര്‍ഭജന്‍ പറയുന്നു. അതുകൊണ്ടു തന്നെ ധോനിക്കും ഹര്‍ദിക്കിനും ഈ ലോകകപ്പില്‍ അവര്‍ ഇഷ്ടപ്പെടുന്നത് പോലെ ബാറ്റു ചെയ്യാനുള്ള സ്വാതന്ത്ര്യം നല്‍കുകയാണ് ടീം മാനേജ്മെന്റ് ചെയ്യേണ്ടത്. ഒരു നിയന്ത്രണവും അവര്‍ക്ക് ഉണ്ടാവരുത്.

ടോപ്പ് ഓര്‍ഡര്‍ ബാറ്റ്‌സ്മാന്‍മാരായ രോഹിത്തും ധവാനും കോഹ്‌ലിയും രാഹുലും ചേര്‍ന്ന് ഇന്നിങ്‌സ് കെട്ടിപ്പടുത്താല്‍ പിന്നീടെത്തുന്ന ധോനിക്ക് ആക്രമിച്ച് കളിക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കുമെന്നും ഭാജി ചൂണ്ടിക്കാട്ടുന്നു.

യഥേഷ്ടം സിക്‌സറുകള്‍ നേടാനുള്ള ധോനിയുടെ കഴിവിന് ഇപ്പോഴും കോട്ടമൊന്നും തട്ടിയിട്ടില്ല. ഏത് സ്പിന്നറുടെയും രണ്ടാം പന്തും തന്നെ സിക്‌സറിന് പറത്തുന്ന താരമായിരുന്നു പഴയ ധോനി. അദ്ദേഹത്തിനത് ഇപ്പോഴും ചെയ്യാനാകും. ചെന്നൈയില്‍ ഒപ്പം കളിക്കുമ്പോള്‍ അത് താന്‍ കണ്ടതാണെന്നും ഭാജി പറയുന്നു.

''കൂറ്റന്‍ സിക്‌സറുകള്‍ പറത്താന്‍ ഇപ്പോഴും ധോനിക്കാകും. പന്തെറിയുമ്പോള്‍ ഒരാളുടെ ചിന്ത എങ്ങനെയായിരിക്കുമെന്ന് പറയാം. ഇപ്പോള്‍ ഞാന്‍ കെവിന്‍ പീറ്റേഴ്സനും ഇയാന്‍ ബെല്ലിനുമെതിരേ പന്തെറിയുകയാണെന്ന് കരുതുക. ബെല്ലിനേക്കാള്‍ പീറ്റേഴ്‌സനെ നേരിടേണ്ടതിനെ കുറിച്ചാകും എനിക്ക് ആശങ്ക. അദ്ദേഹത്തിനെതിരേ ഒന്നോ രണ്ടോ ഡോട്ട് ബോളുകളെറിയാന്‍ എനിക്ക് സാധിച്ചേക്കും. എന്നാല്‍ എപ്പോള്‍ വേണമെങ്കിലും എന്നെ അടിച്ച് പറത്താനുള്ള ശേഷി പീറ്റേഴ്‌സനുണ്ട്. മറിച്ച് ബെല്ലാണ് ആ സ്ഥാനത്തെങ്കില്‍ സിംഗിളുകള്‍ നേടാനാകും ശ്രമിക്കുക. ധോനി, പീറ്റേഴ്‌സനെ പോലെയാണ്. ബൗളര്‍മാരുടെ ധൈര്യം ഒറ്റയടിക്ക് ഇല്ലാതാക്കാന്‍ അദ്ദേഹത്തിനാകും'' - ഹര്‍ഭജന്‍ പറഞ്ഞു.

Content Highlights: world cup 2019 ms dhoni hardik pandya should be given license to attack harbhajan