ലണ്ടന്‍: നിശ്ചിത ഓവറിലും സൂപ്പര്‍ ഓവറിലും ലോകകപ്പ് ഫൈനലില്‍ ഇരുടീമുകളെയും വേര്‍തിരിക്കാനാകാതെ വന്നപ്പോള്‍ ഒടുവില്‍ കൂടുതല്‍ ബൗണ്ടറികള്‍ നേടിയതിന്റെ ആനുകൂല്യത്തിലാണ് ഇംഗ്ലണ്ട് ലോകചാമ്പ്യന്‍മാരായത്. 

ഫൈനലില്‍ പക്ഷേ ഇംഗ്ലണ്ട് ഇന്നിങ്‌സില്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്ക്‌സ് വഹിച്ച പങ്ക് ഏറെ വലുതായിരുന്നു. 84 റണ്‍സോടെ പുറത്താകാതെ നിന്ന സ്റ്റോക്ക്‌സിന്റെ ഇന്നിങ്‌സാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീളാൻ കാരണം. മത്സരത്തിലെ താരവും സ്‌റ്റോക്ക്‌സ് തന്നെയായിരുന്നു.

എന്നാല്‍ സ്വപ്നകിരീടം സ്വന്തമാക്കിയെങ്കിലും മത്സരത്തിനു ശേഷം കുറ്റബോധമാണ് സ്‌റ്റോക്ക്‌സിനെ അലട്ടിയത്. ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണോട് ഇനിയുള്ള ജീവിതകാലം മുഴുവന്‍ ക്ഷമ ചോദിക്കുമെന്നാണ് മത്സര ശേഷം സ്‌റ്റോക്ക്‌സ് പറഞ്ഞത്. 

ഇംഗ്ലണ്ട് ഇന്നിങ്‌സിലെ അവസാന ഓവറില്‍ ഉണ്ടായ ഒരു സംഭവമാണ് ഇതിന് കാരണമായത്. അവസാന ഓവറില്‍ രണ്ടു റണ്‍സ് ഓടിയെടുക്കുന്നതിനിടെ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ ബൗണ്ടറി ലൈനിന് അരികില്‍ നിന്നെറിഞ്ഞ പന്ത് സ്റ്റോക്ക്സിന്റെ ബാറ്റില്‍ തട്ടി ബൗണ്ടറി ലൈന്‍ കടക്കുകയായിരുന്നു. ഇതോടെ ആ പന്തില്‍ ഇംഗ്ലണ്ടിന് ആറ് റണ്‍സും ലഭിച്ചു.

ആ സമയത്ത് ഓരോ റണ്ണും വിലപ്പെട്ടതായിരുന്നു. നാലാം പന്തില്‍ ആറു റണ്‍സ് ലഭിച്ചതോടെ ഇംഗ്ലണ്ടിന് വിജയിക്കാന്‍ രണ്ടു പന്തില്‍ മൂന്നു റണ്‍സ് എന്ന നിലയിലായി. മത്സരം സൂപ്പര്‍ ഓവറിലെത്താന്‍ കാരണമായതും ഈ ആറു റണ്‍സായിരുന്നു.

സൂപ്പര്‍ ഓവറും ടൈയായി. ആകെ നേടിയ ബൗണ്ടറികളുടെ ആനുകൂല്യത്തില്‍ ഇംഗ്ലണ്ട് ജേതാക്കളായതോടെ കുറ്റബോധം സ്‌റ്റോക്ക്‌സിനെ പിടികൂടി. വില്യംസണോട് താന്‍ നേരിട്ട് മാപ്പ് ചോദിച്ച കാര്യം സ്‌റ്റോക്ക്‌സ് തന്നെയാണ് മത്സര ശേഷം നടന്ന അവാര്‍ഡ്ദാന ചടങ്ങില്‍ പറഞ്ഞത്.

ശിഷ്ടകാലം മുഴുവന്‍ ഞാന്‍ നിങ്ങളോട് മാപ്പു ചോദിച്ചുകൊണ്ടിരിക്കുമെന്ന് കെയ്‌നോട് പറഞ്ഞു. മനഃപ്പൂര്‍വം അങ്ങനെയൊരു കാര്യം ചെയ്യാന്‍ ഞാന്‍ ഉദ്ദേശിച്ചിരുന്നില്ല. പന്ത് ബാറ്റിലേക്ക് അത്തരത്തില്‍ വരികയായിരുന്നു, സ്റ്റോക്ക്‌സ് പറഞ്ഞു.

എന്നാല്‍ ഈ നിയമത്തിന്റെ പേരില്‍ കിവീസ് ആരാധകരും മുന്‍താരങ്ങളും ഐ.സി.സിയെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്. സൂപ്പര്‍ ഓവര്‍ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ ബൗണ്ടറി നേടിയ ടീമെന്ന നിലയില്‍ ഇംഗ്ലണ്ടിന് കിരീടം സമ്മാനിച്ചപ്പോള്‍ ഈ ഓവര്‍ ത്രോയുടെ നിയമം എന്തുകൊണ്ട് കണക്കിലെടുത്തില്ല എന്ന് ആരാധകര്‍ ചോദിക്കുന്നു.

Content Highlights: World Cup 2019 Ben Stokes promises to apologise to Kane Williamson for the rest of his life