ജൊഹാനസ്ബര്‍ഗ്: തന്റെ ആരാധകരെ ഞെട്ടിച്ച് കഴിഞ്ഞ വര്‍ഷം മേയില്‍ അപ്രതീക്ഷിതമായാണ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം എ ബി ഡിവില്ലിയേഴ്‌സ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. മുപ്പത്തിനാലാമത്തെ വയസില്‍ അതും ലോകകപ്പിന് ഒരു വര്‍ഷം മാത്രം ശേഷിക്കെയായിരുന്നു താരത്തിന്റെ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം.

ഇതിനു പിന്നാലെ നിരവധിപേര്‍ ഡിവില്ലിയേഴ്‌സിനോട് വിരമിക്കാനുള്ള കാരണം വ്യക്തമാക്കണമെന്നും സാധിച്ചാല്‍ ക്രിക്കറ്റിലേക്ക് മടങ്ങിവരണമെന്നും ആവശ്യപ്പെട്ടിരുന്നു. കരിയറിലെ ഏറ്റവും മികച്ച ഫോമില്‍ നില്‍ക്കെയായിരുന്നു അദ്ദേഹത്തിന്റെ വിരമിക്കല്‍ തീരുമാനം. ഇപ്പോഴിതാ അതിനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

നാട്ടില്‍ നിന്നുതന്നെയുള്ള കടുത്ത വിമര്‍ശനങ്ങളാണ് തന്നെ വിരമിക്കല്‍ തീരുമാനത്തിലേക്ക് നയിച്ചതെന്ന് ഡിവില്ലിയേഴ്‌സ് പറഞ്ഞു. ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാമ്പ്യന്‍സ് എന്ന യൂട്യൂബ് ഷോയില്‍ ഗൗരവ് കപൂറുമായി നടന്ന അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്.

തന്നെ കുറിച്ച് ഒരിക്കലും ചിന്തിച്ചിട്ടില്ലെന്നും ടീമിനെ കുറിച്ച് മാത്രമായിരുന്നു ചിന്തയെന്നും ഡിവില്ലിയേഴ്‌സ് പറയുന്നു. അവസാനത്തെ മൂന്നു വര്‍ഷം ടീമിലെ ഇടക്കാല സന്ദര്‍ശകനാണ് താനെന്ന വിമര്‍ശനവും ഉയര്‍ന്നു. അതോടെ താരം നിരാശനായി. അത് പിന്നീട് വിരമിക്കലിനെ സ്വാധീനിച്ചുവെന്നും ഡിവില്ലിയേഴ്‌സ് ചൂണ്ടിക്കാട്ടി.

അതേസമയം ഈ വര്‍ഷത്തെ ലോകകപ്പില്‍ കളിക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നുവെന്നും എ.ബി.ഡി വെളിപ്പെടുത്തി. എന്നാല്‍ കടുത്ത വിമര്‍ശനങ്ങള്‍ കാരണം ലോകകപ്പ് കളിക്കണമെന്ന കടുത്ത ആഗ്രഹം മനസിലുണ്ടായിട്ടും അദ്ദേഹം വിരമിക്കാനുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ഇക്കാരണത്താലാണ് വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് ലോകകപ്പില്‍ തിരിച്ചെത്തണമെന്നു പലരും ആവശ്യപ്പെട്ടിട്ടും വഴങ്ങാതിരുന്നതെന്നും ഡിവില്ലിയേഴ്‌സ് കൂട്ടിച്ചേര്‍ത്തു.

Content Highlights: world cup 2019 ab de villiers says he was keen to play world cup but felt cornered