ലണ്ടന്‍: ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിനോട് തോറ്റതിനു പിന്നാലെ എം.എസ് ധോനിയെ ഏഴാം സ്ഥാനത്ത് ബാറ്റിങ്ങിന് ഇറക്കിയ നടപടി ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. നാലിന് 24 എന്ന നിലയില്‍ ഇന്ത്യ തകര്‍ന്നപ്പോള്‍ ധോനി ബാറ്റിങ്ങിനിറങ്ങുമെന്ന് പ്രതീക്ഷിച്ചവരെ ഞെട്ടിച്ച് ഹാര്‍ദിക് പാണ്ഡ്യയാണ് ക്രീസിലെത്തിയത്. പിന്നീട് മത്സരം ഇന്ത്യ 18 റണ്‍സിന് തോല്‍ക്കുകയും ചെയ്തിരുന്നു. 

ഇപ്പോഴിതാ എന്തുകൊണ്ട് സെമിയില്‍ ധോനിയെ ഏഴാമത് ഇറക്കിയെന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് പരിശീലകന്‍ രവി ശാസ്ത്രി. ടീം ഒന്നിച്ചെടുത്ത തീരുമാനമായിരുന്നു അതെന്ന് ശാസ്ത്രി പറഞ്ഞു. 

ധോനിയുടെ അനുഭവസമ്പത്ത് കളിയുടെ അവസാനമാണ് വേണ്ടത്. മികച്ച ഫിനിഷറാണ് അദ്ദേഹം. ധോനിയെ നേരത്തേയിറക്കി നേരത്തേ പുറത്തായാല്‍ ചേസിങ്ങിനുളള എല്ലാ സാധ്യതകളേയും കൊല്ലുന്നതിന് തുല്യമായിരിക്കും. ടീമൊന്നടങ്കം എടുത്ത തീരുമാനപ്രകാരമാണ് ധോനി ഏഴാം നമ്പറില്‍ ഇറങ്ങിയത് - ശാസ്ത്രി പറഞ്ഞു.

എക്കാലത്തേയും മികച്ച ഫിനിഷര്‍മാരില്‍ ഒരാളാണ് ധോനി. ആ വഴിയില്‍ അദ്ദേഹത്തെ ഉപയോഗിച്ചില്ലെങ്കില്‍ അത് കുറ്റകരമാവും. ടീം അംഗങ്ങള്‍ക്കെല്ലാം അത് വ്യക്തമായിരുന്നു എന്നും ശാസ്ത്രി പറഞ്ഞു. 

30 മിനിറ്റില്‍ അവിടെ സംഭവിച്ചത് കഴിഞ്ഞ വര്‍ഷങ്ങളില്‍ നിങ്ങള്‍ നേടിയെടുത്ത ഏറ്റവും മികച്ച ടീം എന്ന ഖ്യാതിയെ ഇല്ലാതാക്കുന്നില്ലെന്നും ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.

Content Highlights: Why was MS Dhoni sent at No. 7 in semi-final Ravi Shastri