ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം എം.എസ് ധോനി ബലിദാന്‍ ചിഹ്നം പതിച്ച ഗ്ലൗവുമായി കളിച്ചതിനെ തുടര്‍ന്നുള്ള വിവാദം അവസാനിച്ചിട്ടില്ല. ഇപ്പോഴിതാ ഇക്കാര്യത്തില്‍ ധോനിക്ക് ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. 

കീപ്പിങ് ഗ്ലൗവില്‍ ബലിദാന്‍ ചിഹ്നം ഉപയോഗിക്കുന്നതിനു പകരം ഐ.സി.സിയുടെ അനുമതി വാങ്ങി ബാറ്റില്‍ ഈ ചിഹ്നം ഉപയോഗിക്കണമെന്നാണ് സെവാഗ് നിര്‍ദേശിക്കുന്നത്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലാണ് സെവാഗ് ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയത്. 

ഒരാള്‍ക്ക് ബാറ്റില്‍ രണ്ടു ചിഹ്നങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കുമെന്നും അതിനാല്‍ തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടി ധോനിക്ക് ബലിദാന്‍ ചിഹ്നം ബാറ്റില്‍ പതിക്കാമെന്നും സെവാഗ് ചൂണ്ടിക്കാട്ടി. താന്‍ ഇത്തരത്തില്‍ അനുമതി വാങ്ങിയ ശേഷം സെവാഗ് ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ ലോഗോ ബാറ്റില്‍ പതിച്ച് നിരവധി മത്സരങ്ങള്‍ കളിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഞായറാഴ്ച ഓസീസിനെതിരേ നടക്കുന്ന മത്സരത്തില്‍ ധോനി ബലിദാന്‍ ചിഹ്നം പതിച്ച ഗ്ലൗവുമായി കളിക്കില്ലെന്നാണ് സൂചന. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐ.സി.സി.) ചട്ടങ്ങള്‍ ലംഘിക്കുന്ന പ്രശ്‌നമേയില്ലെന്ന് ക്രിക്കറ്റ് ഭരണസമിതി മേധാവി വിനോദ് റായ് വ്യക്തമാക്കിയതോടെയാണിത്. 

ധോനിയുടെ ഗ്ലൗവിലെ സൈനികചിഹ്നം ഒഴിവാക്കണമെന്ന ഐ.സി.സിയുടെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

നമ്മുടെ നിലപാട് സുവ്യക്തമാണ്. ഐ.സി.സി.യുടെ ചട്ടങ്ങള്‍ പാലിക്കും. മതപരമോ വാണിജ്യപരമോ ആയ സന്ദേശം നല്‍കുന്നതല്ല ധോനിയുടെ ഗ്ലൗസിലെ ചിഹ്നം. എങ്കിലും, ഇത്തരം ചിഹ്നങ്ങള്‍ ധരിക്കാന്‍ മറ്റ് കളിക്കാരെയൊന്നും ഐ.സി.സി. അനുവദിക്കുന്നില്ല. ചട്ടം പാലിക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ് - റായ് പറഞ്ഞു.

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഇന്ത്യയുടെ ആദ്യമത്സരത്തിലാണ് കരസേനയുടെ ബലിദാന്‍ ചിഹ്നം പതിച്ച ഗ്ലൗവുമായി ധോനി കളിച്ചത്. ചിഹ്നം നീക്കണമെന്ന ഐ.സി.സി.യുടെ ആവശ്യം അംഗീകരിക്കാന്‍ ആവില്ലെന്ന നിലപാടിലായിരുന്നു നേരത്തേ വിനോദ് റായ്.

Content Highlights: virender sehwag suggests ms dhoni to display balidan badge on his bat