ദുബായ്: ലോകകപ്പില്‍ അഞ്ച് അര്‍ധ സെഞ്ചുറികളോടെ ഐ.സി.സി ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി.

ലോകകപ്പിലെ ഒമ്പതു മത്സരങ്ങളില്‍ നിന്ന് 63.14 റണ്‍സ് ശരാശരിയില്‍ 442 റണ്‍സ് നേടിയ കോലിക്ക് ഒന്നാം സ്ഥാനത്ത് ഒരു പോയന്റാണ് വര്‍ധിപ്പിക്കാന്‍ സാധിച്ചത്. എന്നാല്‍ കോലിയുടെ ഒന്നാം സ്ഥാനത്തിന് വെല്ലുവിളിയുമായി രോഹിത് ശര്‍മ തൊട്ടുപിന്നാലെയുണ്ട്. ഇന്ന് പുറത്തിറങ്ങിയ റാങ്കിങ് പ്രകാരം ഇരുവരും തമ്മില്‍ വെറും ആറ് പോയന്റിന്റെ വ്യത്യാസം മാത്രമാണുള്ളത്. 

കോലിക്ക് ഒന്നാം സ്ഥാനത്ത് 891 പോയന്റുള്ളപ്പോള്‍ 885 പോയന്റുമായി രോഹിത് പിന്നാലെയുണ്ട്. ഐ.സി.സി റാങ്കിങ്ങില്‍ രോഹിത്തിന്റെ ഏറ്റവും മികച്ച നേട്ടമാണിത്. ഈ ലോകകപ്പിലെ മികച്ച പ്രകടനത്തിലൂടെ 51 പോയന്റുകളാണ് രോഹിത് സ്വന്തമാക്കിയത്. ഇപ്പോഴത്തെ ഫോമില്‍ രോഹിത് കോലിയെ മറികടക്കാനുള്ള സാധ്യതയേറെയാണ്.

827 പോയന്റുമായി പാക് യുവതാരം ബാബര്‍ അസമാണ് മൂന്നാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിയാണ് നാലാമത്. റോസ് ടെയ്‌ലര്‍, ഡേവിഡ് വാര്‍ണര്‍, ജോ റൂട്ട്, കെയ്ന്‍ വില്യംസണ്‍ എന്നിങ്ങനെയാണ് പട്ടിക.

ടീം റാങ്കിങ്ങില്‍ ഇംഗ്ലണ്ടാണ് ഒന്നാമത്. ഇന്ത്യ രണ്ടാമതാണ്. ബൗളര്‍മാരുടെ പട്ടികയില്‍ ജസ്പ്രിത് ബുംറ ഒന്നാം സ്ഥാനം നിലനിര്‍ത്തി. കിവീസിന്റെ ട്രെന്റ് ബോള്‍ട്ടാണ് രണ്ടാമത്.

Content Highlights: virat kohli retains top odi ranking but rohit sharma bridges the gap