സതാംപ്ടണ്‍: വിരാട് കോലിയ്ക്ക് പക്വതയില്ലെന്ന ദക്ഷിണാഫ്രിക്കന്‍ താരം കാഗിസോ റബാദ നടത്തിയ പ്രസ്താവന ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോള്‍ റബാദക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് കോലി. വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടാനില്ലെന്ന് പറഞ്ഞ കോലി, എന്തിങ്കിലുമുണ്ടെങ്കില്‍ അത് നേരിട്ട് പറഞ്ഞു തീര്‍ക്കാനാണ് ആഗ്രഹിക്കുന്നതെന്നും പറഞ്ഞു. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മത്സരത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഗം. 

' റബാദ എന്താണ് പറഞ്ഞത്? എനിക്ക് അതിനെക്കുറിച്ച് വ്യക്തതയില്ല. പലവട്ടം റബാദക്ക് എതിരെ കളിച്ചിട്ടുണ്ട്. എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കില്‍ ഞങ്ങള്‍ അത് നേരിട്ട് ചര്‍ച്ച ചെയ്‌തോളാം. റബാദയ്ക്കെതിരെ സംസാരിക്കാനുള്ള അവസരമായി പത്രസമ്മേളനത്തെ ഉപയോഗിക്കില്ല.'- കോലി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ നായകന് പക്വതയില്ലെന്നാണ് റബാദ പറഞ്ഞത്. കോലി കളിക്കളത്തില്‍ ആക്രമണകാരിയാണ്. എന്നാല്‍ തനിക്കെതിരെ ചില വാക്കുകള്‍ ഉപയോഗിച്ചിരുന്നു. ഒരു അഭിമുഖത്തില്‍ ഐപിഎല്ലിനിടെയുണ്ടായ സംഭവത്തെക്കുറിച്ച് റബാദ പറഞ്ഞു.

'ഞാന്‍ ഗെയിം പ്ലാനിനെ കുറിച്ച് ചിന്തിക്കുകയായിരുന്നു. പക്ഷെ വിരാട് എന്നെ ബൗണ്ടറി അടിച്ചുകൊണ്ട് എനിക്കെതിരെ ചിലത് പറഞ്ഞു. ഞാന്‍ അതിന് മറുപടി കൊടുത്തപ്പോള്‍ എന്നോട് ദേഷ്യപ്പെട്ടു. എനിക്കവനെ മനസിലാകുന്നില്ല.' -റബാദ കൂട്ടിച്ചേര്‍ത്തു.

'ആ പ്രതികരണത്തിന് അവനെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിച്ചേക്കാം. എന്നാല്‍ അത് പക്വതയില്ലായ്മയായാണ്‌ ഞാന്‍ കാണുന്നത്. അസാധാരണ കളിക്കാരനാണ് കോലി. പക്ഷേ ചില വാക്കുകളെ നേരിടാനറിയില്ല.' - റബാദ പറഞ്ഞു. 

Content Highlights: Virat Kohli, Kagiso Rabada, icc cricket world cup 2019